Football in Malayalam

ഈ ബാഴ്‌സലോണയെ പേടിക്കണം, സാവിക്ക് കീഴില്‍ ഉഗ്രരൂപം പൂണ്ട് കാറ്റാലന്‍ ക്ലബ്

Haroon Rasheed
FC Barcelona v Club Atletico de Madrid - La Liga Santander
FC Barcelona v Club Atletico de Madrid - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

കുറ്റപ്പെടുത്തലുകാര്‍ക്കും ചീത്തവിളിക്കാര്‍ക്കും ഇനി വിശ്രമിക്കാം. ബാഴ്‌സലോണ ഉഗ്രരൂപം പൂണ്ടിരിക്കുന്നു. ഉറങ്ങിക്കിടന്ന ബാഴ്‌സലോണ ഉയര്‍ത്തെഴുനേറ്റിരിക്കുന്നു. മെസ്സിക്ക് ശേഷം ബാഴ്‌സലോണ ഉണ്ടോ എന്ന ചോദ്യത്തിന് ഇനി മറുപടി വേണ്ട. അതായിരുന്നു അത്‌ലറ്റിക്കോക്കെതിരേ ക്യാമ്പ് നൗവില്‍ കണ്ടത്.

ജനുവരി ട്രാന്‍ഫര്‍ വിന്‍ഡോയില്‍ മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് രാകി മിനുക്കിയ സാവി അത്‌ലറ്റിക്കോയെ സ്വന്തം മൈതാനത്ത് 4-2 എന്ന സ്‌കോറിനാണ് തുരത്തിയത്. മത്സരത്തിന്റെ ഓരോ നിമിഷവും ഓര്‍ത്തുവെക്കാവുന്നവയായിരുന്നു. എട്ടാം മിനുട്ടില്‍ യാനിക് കറാസ്‌കോയുടെ ഗോള്‍ അത്‌ലറ്റിക്കോക്ക് ലീഡ് നല്‍കി. എന്നാല്‍ പിന്നീടായിടുന്നു സാവിയുടെയും സംഘത്തിന്റെയും തേരോട്ടം.

പത്താം മിനുട്ടില്‍ ഡാനിയുടെ അത്യുഗ്രന്‍ പാസില്‍ നിന്ന് ആല്‍ബയുടെ പൊളപ്പന്‍ ഗോള്‍. ഇതോടെ കാറ്റാലോണിയ നഗരം നടുങ്ങുമാറുച്ചത്തില്‍ ക്യാമ്പ് നൗ ആര്‍ത്തട്ടഹസിച്ചു. മത്സരം 1-1ന് സമനിലയില്‍. 21ാം മിനുട്ടില്‍ യുവതാരം ഗവിയുടെ ഗോള്‍ പിറന്നു. സ്‌കോര്‍ 2-1. ഒരു ഗോളിന്റെ ലീഡ് നേടിയ ബാഴ്‌സയെ മെരുക്കാന്‍ അത്‌ലറ്റിക്കോ താരങ്ങള്‍ പാടുപെട്ടു.

43ാം മിനുട്ടില്‍ പ്രതിരോധ താരം റൊണാള്‍ഡ് അറോഹോയും ഗോള്‍ നേടിയതോടെ സാവി എന്താണ് ചിന്തിച്ചിരുന്നതെന്ന് നേരില്‍ കാണാന്‍ കഴിഞ്ഞു. ആദ്യ പകുതിയില്‍ സ്‌കോര്‍ 3-1. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡാനി ആല്‍വസിന്റെ ഗോളിനെ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. രണ്ടാം പകുതിക്ക് ശേഷം അദമ ട്രവോറയെ പിന്‍വലിച്ച് ഒബമയാങ്ങനെ സാവി കളത്തിലിറക്കി. ഇതോടെ അത്‌ലറ്റിക്കോയുടെ പ്രതിരോധത്തിന് ജോലികൂടി. ഫൈനല്‍ വിസില്‍ വിളിക്കുമ്പോള്‍ 4-2ന്റെ ജയവുമായി ബാഴ്‌സ മടങ്ങി.

ജയത്തോടെ ബാഴ്‌സലോണ ആദ്യ നാലില്‍ തിരിച്ചെത്തുകയും ചെയ്തു. അത്ലറ്റിക്കോക്കെതിരെ ഗംഭീര പ്രകടനം പുറത്തെടുത്ത ബാഴ്‌സ, തങ്ങളുടെ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. ലാ ലീഗയിൽ 22 മത്സരങ്ങൾ നിന്ന് 38 പോയിന്റാണ് ഇപ്പോള്‍ ബാഴ്‌സലോണയുടെ സമ്പാദ്യം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit