പിഎസ്ജിയുമായി കരാറൊപ്പിടുന്നവർ അടിമകൾ, നെയ്മറെ തിരിച്ചെത്തിക്കാൻ ആഗ്രഹമുണ്ടെന്നും ലപോർട്ട


ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരെ രൂക്ഷവിമർശനം നടത്തി ബാഴ്സലോണ പ്രസിഡന്റ് യോൻ ലപോർട്ട. പിഎസ്ജിയുമായി കരാർ ഒപ്പിടുന്നവർ പണത്തിനു വേണ്ടി അടിമകളായി മാറുകയാണ് ചെയ്യുന്നതെന്നു പറഞ്ഞ ലപോർട്ട ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം നെയ്മറെ ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കുന്നതിനെ കുറിച്ചും സംസാരിച്ചു.
ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അവസാന നിമിഷത്തിൽ വമ്പൻ വാഗ്ദാനം നൽകി പിഎസ്ജി താരത്തെ ക്ലബിനൊപ്പം നിലനിർത്തുകയാണുണ്ടായത്. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫ്രഞ്ച് ക്ലബിനെതിരെ ലപോർട്ട കടുത്ത വിമർശനം നടത്തിയത്.
Barça president Laporta tells @lesportiucat on Neymar: "Who doesn't love Neymar? He's exceptional player... but all these players to return to Barça one day should come for free". ?? #FCB
— Fabrizio Romano (@FabrizioRomano) May 25, 2022
"Players who have signed for clubs like PSG, have almost signed their slavery. For money". pic.twitter.com/z3URK6AIfU
"കളിക്കാരെ പണം കാണിച്ച് തട്ടിക്കൊണ്ടു പോകുന്നതിൽ എത്തിയിരിക്കുന്നു. പിഎസ്ജി കരാറൊപ്പിട്ട താരങ്ങൾ ഏറെക്കുറെ അവരുടെ അടിമത്വം അംഗീകരിക്കുന്ന കരാറിൽ കൂടിയാണ് ഒപ്പിടുന്നത്. ഒരു രാജ്യം തന്നെ പിന്നിൽ നിൽക്കുന്ന ക്ലബ് ആകുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനങ്ങൾ ഇതൊക്കെയാണ്. യൂറോപ്യൻ യൂണിയന്റെ തത്വങ്ങൾക്കെതിരെയാണിത്. യൂറോപ്യൻ ഫുട്ബോളിലെ സുസ്ഥിരതയെ കൂടി ഇതു ബാധിക്കും." ലപോർട്ട എൽ എസ്പോർട്ടിയുവിനോട് പറഞ്ഞു.
നെയ്മറുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലപോർട്ട നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. "ആർക്കാണ് നെയ്മറെ ഇഷ്ടമല്ലാത്തത്? അസാധാരണ കളിക്കാരനാണ് അദ്ദേഹം. ബാഴ്സയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന എല്ലാ കളിക്കാരും ഫ്രീ ട്രാൻസ്ഫറിൽ വരണം. കാരണം കൂടുതൽ ഫണ്ട് നൽകി കളിക്കാരെ സ്വന്തമാക്കാനുള്ള സാഹചര്യത്തിലല്ല ക്ലബുള്ളത്." ലപോർട്ട വ്യക്തമാക്കി.
ലപോർട്ട നെയ്മറുടെ വരവിനെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ബ്രസീലിയൻ താരം ബാഴ്സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണ്. 2025 വരെ പിഎസ്ജിയുമായി കരാർ പുതുക്കിയ താരത്തെ സ്വന്തമാക്കാൻ വലിയ തുക തന്നെ ബാഴ്സലോണ മുടക്കേണ്ടി വരും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.