Football in Malayalam

ബാഴ്‌സയുടെ സൈനിംഗുകൾ അവസാനിച്ചിട്ടില്ല, പുതിയ താരങ്ങളെത്തുമെന്ന സൂചനകൾ നൽകി ലപോർട്ട

Sreejith N
FBL-ESP-LIGA-BARCELONA
FBL-ESP-LIGA-BARCELONA / LLUIS GENE/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് പുതിയ താരങ്ങൾ ഇനിയുമെത്തുമെന്ന സൂചനകൾ നൽകി ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. നിലവിലുള്ള താരങ്ങൾ വേതനം കുറക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്‌താൽ പുതിയ കളിക്കാർക്ക് ടീമിലേക്ക് കടന്നു വരാനുള്ള അവസരം ഉണ്ടാകുമെന്നും ഓഗസ്റ്റ് മാസം അവസാനിക്കുന്നതിനു മുൻപ് എന്തു വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

"നിങ്ങൾക്കെല്ലാവർക്കും നിലവിലെ സാഹചര്യങ്ങൾ കൃത്യമായി അറിയാവുന്നതാണ്. കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാൻ ടീമിൽ ഇടം സൃഷ്‌ടിക്കണം. ഞങ്ങൾക്ക് നാല് മില്യൺ യൂറോ സ്വതന്ത്രമാക്കാൻ കഴിഞ്ഞാൽ ഒരു താരത്തെ ടീമിലെത്തിക്കാൻ കഴിയും, എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം. ടീമിന്റെ ഭാഗമായവരെയും അല്ലാത്തവരെയും നിങ്ങൾ കാണുന്നുണ്ട്, ടീം മുന്നോട്ടു പോകുന്നുമുണ്ട്. ട്രാൻസ്‌ഫർ മാർക്കറ്റ് ഓഗസ്റ്റ് 31നു അവസാനിക്കുന്നതിനു മുൻപ് പലതും പ്രതീക്ഷിക്കാം."

റൊണാൾഡ്‌ കൂമാൻ ഒരു സ്‌ട്രൈക്കറെയും മിഡ്‌ഫീൽഡറെയും ആവശ്യപ്പെട്ടുവെന്ന ചോദ്യത്തിനു ലപോർട്ടയുടെ മറുപടി ഇങ്ങിനെയായിരുന്നു. "കളിക്കാർ പുറത്തു പോയാൽ മാത്രമേ മറ്റു താരങ്ങൾക്ക് ടീമിലെത്താൻ കഴിയൂവെന്ന് കൂമാന് അറിയാവുന്ന കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം സ്‌ക്വാഡ് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും നിലവിൽ ടീമിനൊപ്പമുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുണ്ട് എന്നതുമാണ്."

കഴിഞ്ഞ മത്സരത്തിൽ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളെക്കുറിച്ച് ലപോർട്ടയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഉംറ്റിറ്റി നല്ല രീതിയിൽ പരിശീലനം നടത്തുന്നു, പ്യാനിച്ച് പൊഫെഷണൽ സമീപനമാണ് പുലർത്തുന്നത്, കുട്ടീന്യോ പരിക്കിൽ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്നു. കൊളാഡോക്കു വേണ്ടി ഓഫറുണ്ടെങ്കിലും അത് മുന്നോട്ടു പോയിട്ടില്ല. എന്നാൽ അഗ്യൂറോ, ഡെംബലെ എന്നിങ്ങനെ പരിക്കു പറ്റിയ താരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്. അവർ മികച്ച താരങ്ങളായതു കൊണ്ട് സീസണിൽ ടീമിന് വേണ്ടി പലതും നൽകുമെന്ന് പ്രതീക്ഷിക്കുന്നു."

facebooktwitterreddit