Football in Malayalam

ഹാലൻഡ്, പോഗ്ബ അഭ്യൂഹങ്ങൾക്കിടെ ഇറ്റലിയിൽ വെച്ചു മിനോ റയോളയുമായി കൂടിക്കാഴ്‌ച നടത്തി ലപോർട്ട

Sreejith N
Presentation Of Dani Alves As New Player Of FC Barcelona
Presentation Of Dani Alves As New Player Of FC Barcelona / AFP7/GettyImages
facebooktwitterreddit

വരാനിരിക്കുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിൽ എർലിങ് ഹാലൻഡ്, പോൾ പോഗ്ബ എന്നീ താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഇവരുടെ ഏജന്റായ മിനോ റയോളയുമായി ഇറ്റലിയിൽ വെച്ചു കൂടിക്കാഴ്‌ച നടത്തി ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട. ബാഴ്‌സലോണ യുവതാരമായ പെഡ്രിക്ക് ഗോൾഡൻ ബോയ് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിനായി ടുറിനിൽ എത്തിയപ്പോഴാണ് ലപോർട്ട റയോളയെ കണ്ടത്.

പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം എയർപോർട്ടിലെത്തിയ ലപോർട്ട ഹോട്ടലിലേക്ക് പോകാതെ സ്പോർട്ടിങ് ഡയറക്റ്ററായ മാത്യു അലെമണിക്കൊപ്പം നേരെ റയോളയെ കാണാനാണ് പോയത്. എർലിങ് ഹാലൻഡ്‌ ഉൾപ്പെടെ റയോള ഏജന്റായ നിരവധി താരങ്ങളുടെ ട്രാൻസ്‌ഫർ സാഹചര്യത്തെക്കുറിച്ച് ഇവർ ചർച്ച ചെയ്‌തുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ദിവസങ്ങൾക്കു മുൻപ് ഹാലൻഡ് അടുത്ത സമ്മറിൽ ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബുകളിൽ ഒന്നിലേക്കാണ് ചേക്കേറാൻ സാധ്യതയെന്ന് റയോള പറഞ്ഞിരുന്നു. അതിനു ശേഷം യൂറോപ്പിലെ പ്രധാനപ്പെട്ട പതിനഞ്ചു ക്ലബുകളിൽ ഇതിലേക്ക് വേണമെങ്കിലും ഹാലാൻഡ്‌ ചേക്കേറിയേക്കുമെന്ന് അദ്ദേഹം തിരുത്തിപ്പറഞ്ഞു എങ്കിലും ഈ കൂടിക്കാഴ്‌ച ബാഴ്‌സലോണ ആരാധകർക്ക് വളരെ പ്രതീക്ഷ നൽകുന്നതാണ്.

അതേസമയം സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ബാഴ്‌സലോണ എർലിങ് ഹാലൻഡിനെ പോലൊരു താരത്തെ എങ്ങിനെ വൻതുക നൽകി സ്വന്തമാക്കും എന്നതൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നുണ്ട്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബ, അയാക്‌സ് റൈറ്റ് ബാക്കായ നൂസെർ മസ്രൂയി എന്നിവരെപ്പറ്റിയും ചർച്ചകൾ നടന്നുവെന്നു റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit