റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കായി അവസാന ഓഫര്‍ നൽകാൻ ബാഴ്‌സലോണ

Haroon Rasheed
Lewandowski wants to leave Bayern Munich
Lewandowski wants to leave Bayern Munich / Marvin Ibo Guengoer - GES Sportfoto/GettyImages
facebooktwitterreddit

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കായി അവസാന ഓഫര്‍ നല്‍കാനായി ബാഴ്‌സലോണ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ സമ്മറോടെ ബയേണ്‍ വിടാനുള്ള ആഗ്രഹം വ്യക്തമാക്കിയ ലെവൻഡോസ്‌കി ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് നോക്കുന്നത്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ ബയേണുമായി ധാരണയിലെത്താൻ ബാഴ്‌സക്കായിട്ടില്ല.

നേരത്തെയും ലെവന്‍ഡോസ്‌കിക്കായി ബാഴ്‌സോലണ ഓഫര്‍ നല്‍കിയിരുന്നു. പക്ഷ 50 മില്യന്‍ യൂറോയെങ്കിലും ലഭിക്കാത്ത ഓഫര്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ബയേണ്‍. ബയേണുമായി ചർച്ചകൾ നടത്തിയിട്ടുള്ള ലെവന്‍ഡോസ്‌കിയുടെ ഏജന്റ് പിനി സഹാവിയോട് പുതിയ ഒരു ബിഡ് സമർപ്പിക്കുന്നതിനെ കുറിച്ച് ബാഴ്‌സലോണ പറഞ്ഞിട്ടുണ്ട്.

ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കുന്നതിന് വേണ്ടി ബാഴ്‌സലോണ നേരത്തെ തന്നെ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രശ്‌നമാണ് കാറ്റാലന്‍ ക്ലബിന് തിരിച്ചടിയാകുന്നത്. സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിന് ടെലിവിഷന്‍ റൈറ്റ്സ് വില്‍ക്കാനും ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്. അതേ സമയം, ലെവന്‍ഡോസ്‌കിക്ക് ഒരു വര്‍ഷം കൂടി ബയേണില്‍ കരാര്‍ ബാക്കിയുണ്ട്.

ലെവന്‍ഡോസ്‌കി ക്ലബ് വിടില്ലെന്നും അദ്ദേഹം അടുത്ത മാസം നടക്കുന്ന പരിശീലനത്തില്‍ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും നേരത്തെ ബയേണിന്റെ സ്‌പോര്‍ടിങ് ഡയറക്ടര്‍ ഹസന്‍ സാലിഹ്മിസിച്ച് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിലപാട് വളരെ വ്യക്തമാണെന്നും, 2023വരെ അദ്ദേഹത്തിന് ക്ലബില്‍ കരാറുണ്ടെന്നും സാലിഹ്മിസിച്ച് വ്യക്തമാക്കിയിരുന്നു.


facebooktwitterreddit