Football in Malayalam

സുവാരസിന് സർപ്രൈസ് ഒരുക്കി ബാഴ്സലോണ ; അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിന് മുൻപ് ആദരിക്കും

Gokul Manthara
FC Barcelona v FC Internazionale: Group F - UEFA Champions League
FC Barcelona v FC Internazionale: Group F - UEFA Champions League / Quality Sport Images/Getty Images
facebooktwitterreddit

സ്പാനിഷ്‌ ക്ലബ്ബായ ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച കളികാരിലൊരാളാണ് ലൂയിസ് സുവാരസ്. 6 വർഷങ്ങളോളം ബാഴ്സലോണ ജേഴ്സിയിൽ നിറഞ്ഞു നിന്ന താരത്തിന്റെ ക്ലബ്ബിൽ നിന്നുള്ള വിടവാങ്ങൽ പക്ഷേ അത്ര സുഖകരമായിരുന്നില്ല‌.‌ കഴിഞ്ഞ സമ്മറിൽ ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ റൊണാൾഡ് കൂമാൻ, ക്ലബ്ബിലെത്തിയതിന് പിന്നാലെ സുവാരസിനോട് പുതിയ ക്ലബ്ബ് കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കൂമാന്റെ പരിശീലന പദ്ധതികളിൽ ഇടമില്ലാത്തതിനെത്തുടർന്ന് ബാഴ്സലോണ വിടാൻ നിർബന്ധിതനായ സുവാരസ്, അവസാനം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു‌. ക്ലബ്ബിനെ വർഷങ്ങളോളം സേവിച്ച സുവാരസിന് അദ്ദേഹം അർഹിച്ചിരുന്ന വിടവാങ്ങൽ ബാഴ്സലോണയിൽ ലഭിക്കാതിരുന്നത് ക്ലബ്ബിന്റെ ആരാധകരെപ്പോലും അസ്വസ്ഥരാക്കി.

ഇപ്പോളിതാ ക്ലബ്ബ് വിട്ട‌ സമയത്ത് സുവാരസിന് മികച്ചൊരു യാത്രയയപ്പ് നൽകാതിരുന്നതിന്റെ ക്ഷീണം തീർക്കാനുള്ള പദ്ധതികളിലാണ് കറ്റാലൻ ക്ലബ്ബ്. ശനിയാഴ്ച തങ്ങളുടെ തട്ടകമായ ക്യാമ്പ്നൗവിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുൻപ് സുവാരസിനെ ആദരിക്കാനുള്ള പദ്ധതികൾ ക്ലബ്ബ് പ്രസിഡന്റ് ജോവൻ ലപ്പോർട്ടയുടെ നേതൃത്വത്തിൽ ബാഴ്സലോണ ആസൂത്രണം ചെയ്തു കഴിഞ്ഞു. മത്സരം ആരംഭിക്കുന്നതിന് മുൻപാകും ഈ ചടങ്ങ്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

നേരത്തെ സുവാരസ് ക്ലബ്ബിൽ നിന്ന് വിടവാങ്ങിയ‌ ദിവസം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ താരം ബാഴ്സലോണക്കൊപ്പം നേടിയ എല്ലാ ട്രോഫികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോ ബാഴ്സലോണ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു‌. ലയണൽ മെസി, ജെറാർഡ് പിക്വെ, സെർജിയോ ബുസ്ക്വറ്റ്സ്, സെർജി റോബർട്ടോ, ജോർഡി ആൽബ എന്നിവർക്കൊപ്പമുള്ള സുവാരസിന്റെ ഫോട്ടോൾ ഇതിലുണ്ടായിരുന്നു. എന്നാൽ ബാഴ്സലോണയുടെ മുൻ പ്രസിഡന്റായ ജോസപ് മരിയ ബാർത്തോമ്യുവിന്റെ ബോർഡിലുണ്ടായിരുന്ന ആരും തന്നെ ഈ ചിത്രത്തിലുണ്ടായിരുന്നില്ല.

അതേ സമയം 2014 ൽ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിൽ നിന്ന് ബാഴ്സലോണയിലെത്തിയ സുവാരസ്, 2019-2020 സീസൺ വരെയാണ് അവർക്കായി കളിച്ചത്. ബാഴ്സലോണ ജേഴ്സിയിൽ മൊത്തം 283 മത്സരങ്ങൾ കളിച്ച ഈ ഉറുഗ്വെൻ താരം 195 ഗോളുകൾ നേടിയതിനൊപ്പം, 112 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit