മെസിയില്ലാത്ത ബാഴ്‌സലോണയുടെ വരുന്ന സീസണിലെ സാധ്യത ഇലവൻ അറിയാം
By Sreejith N

വർഷങ്ങൾ കാത്തിരുന്നതിനു ശേഷം ദേശീയ ടീമിനായി ഒരു കിരീടം സ്വന്തമാക്കിയ ലയണൽ മെസി അതിനു ശേഷം കൂടുതൽ സന്തോഷത്തോടെ ബാഴ്‌സലോണയിൽ കളിക്കുന്ന ഒരു സീസൺ പ്രതീക്ഷിച്ചിരുന്ന ആരാധകരെ തീർത്തും നിരാശരാക്കിയാണ് താരം ക്ലബ് വിടുകയാണെന്ന വാർത്ത പുറത്തു വന്നത്. ലാലിഗയുടെ നിയമങ്ങൾ പ്രകാരം മെസിക്ക് കരാർ പുതുക്കി നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയതോടെ താരം ക്ലബിനോട് വിട പറയുകയും ചെയ്‌തിരുന്നു.
മെസി ക്ലബ് വിടുന്നതോടെ ബാഴ്‌സലോണയെ സംബന്ധിച്ച് ഇനി പരീക്ഷണത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്താൻ പരാജയപ്പെട്ട ബാഴ്‌സയിൽ നിന്നും ക്ലബ്ബിനെ ഒറ്റക്ക് ചുമലിലേറ്റാൻ കഴിവുള്ള താരം പുറത്തു പോകുന്നതിന്റെ അഭാവം ക്ലബിനും മറ്റു കളിക്കാർക്കും പരിഹരിക്കേണ്ടിയിരിക്കുന്നു. പ്രീ സീസൺ മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തുകയും ഗാമ്പർ ട്രോഫിയിൽ യുവന്റസിനെതിരെ വിജയം നേടുകയും ചെയ്‌ത ബാഴ്‌സലോണ അതിനു വേണ്ടി അടുത്ത സീസണിൽ ഇറക്കാൻ സാധ്യതയുള്ള ആദ്യ ഇലവൻ നമുക്ക് വിലയിരുത്താം.
ഗോൾവലക്കു കീഴിൽ ടെർ സ്റ്റീഗൻ തന്നെ വരുന്ന സീസണിലും തുടരുമെങ്കിലും പ്രതിരോധത്തിൽ അഴിച്ചു പണികൾ ബാഴ്‌സലോണ നടത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ സ്ഥിര സാന്നിധ്യമായിരുന്ന ലെങ്ലെറ്റിന് ഇത്തവണ അവസരങ്ങൾ കുറയാനാണു സാധ്യത. യൂറോ കപ്പിലും ഒളിമ്പിക്‌സിലും മികച്ച പ്രകടനം നടത്തിയ, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ എത്തിയ എറിക് ഗാർസിയ ആയിരിക്കും പിക്വക്കൊപ്പം സെൻട്രൽ ഡിഫെൻസിൽ കളിക്കുക. യുവന്റസിനെതിരെ കരുത്തുറ്റ പ്രകടനം നടത്തിയ അറഹൊക്കും കൂമാൻ കൂടുതൽ അവസരങ്ങൾ നൽകിയേക്കും.
ലെഫ്റ്റ് വിങ്‌ബാക്കായി ആൽബ തന്നെയാണ് കളിക്കുകയെങ്കിലും യുവതാരം അലസാൻഡ്രോ ബാൾഡെയെയും റൊണാൾഡ് കൂമാൻ ഉപയോഗിക്കാൻ സാധ്യതയുണ്ട്. റൈറ്റ്ബാക്കായി സെർജിനോ ഡെസ്റ്റിനായിരിക്കും പ്രാഥമിക പരിഗണനയെങ്കിലും ടീമുമായി ഇണങ്ങിച്ചേർന്നാൽ എമേഴ്‌സൺ ആ സ്ഥാനത്തേക്ക് ഉയർന്നു വന്നേക്കാം. അതേസമയം മധ്യനിരയിൽ കഴിഞ്ഞ സീസണിലേതു പോലെ തന്നെ ബുസ്‌ക്വറ്റ്സ്, ഡി ജോങ്, പെഡ്രി സഖ്യമായിരിക്കും കളിക്കുക.
മുന്നേറ്റനിരയിലാണ് ബാഴ്‌സ മാറ്റങ്ങൾക്ക് വിധേയമാവുക. മെസി ക്ലബ് വിട്ടതോടെ താരം കളിച്ചിരുന്ന വലതു വിങ്ങിൽ ഗ്രീസ്‌മൻ തന്നെയാണ് ഇറങ്ങുക. തന്റെ സ്വാഭാവിക പൊസിഷനിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കുന്നത് ഫ്രഞ്ച് താരത്തെ മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇടതു വിങ്ങിൽ ലിയോണിൽ നിന്നെത്തിയ മെംഫിസ് ഡീപേയും സ്‌ട്രൈക്കറായി അഗ്യൂറോയെയും ബാഴ്‌സ കളത്തിലിറക്കും. അഗ്യൂറോക്ക് പരിക്കേറ്റതിനാൽ സീസണിന്റെ തുടക്കത്തിൽ ബ്രൈത്ത്വൈറ്റിനെ ഉപയോഗിക്കാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.