Football in Malayalam

ക്യൂ നിന്നു മെസിക്കൊപ്പം ഫോട്ടോയെടുത്ത് ബാഴ്‌സലോണ താരങ്ങൾ, കോപ്പ ഡെൽ റേ ഫൈനലിനു ശേഷം നടന്നത് രസകരമായ സംഭവങ്ങൾ

Sreejith N
Athletic Club v FC Barcelona - Copa del Rey Final
Athletic Club v FC Barcelona - Copa del Rey Final / BSR Agency/Getty Images
facebooktwitterreddit

ഒരു കളിക്കാരനൊപ്പം നിന്നു ചിത്രങ്ങളെടുക്കാൻ സ്വന്തം ടീമിലെ സഹതാരങ്ങൾ തന്നെ കാത്തു നിൽക്കുന്നത് ഫുട്ബോൾ ലോകത്ത് വളരെ അപൂർവമായ സംഭവമാണെങ്കിലും ഇന്നലെ നടന്ന കോപ്പ ഡെൽ റേ ഫൈനലിനു ശേഷം അതു തന്നെയാണ് സംഭവിച്ചത്. ബാഴ്‌സലോണ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം നേടിയ മത്സരത്തിനു ശേഷം മെസിക്കൊപ്പം ഊഴം കാത്തു നിന്നു ചിത്രങ്ങളെടുക്കുന്ന സഹതാരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ജോൻ ലപോർട്ട പ്രസിഡന്റായതിനു ശേഷം നേടുന്ന ആദ്യ കിരീടമെന്നതിനൊപ്പം മെസി ടീമിന്റെ നായകനായതിനു ശേഷമുള്ള ആദ്യത്തെ കോപ്പ ഡെൽ റേ കിരീടം കൂടിയാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇരട്ടഗോളുകളോടെ ബാഴ്‌സലോണയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച മെസി കോപ്പ ഡെൽ റേ ഫൈനലിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

പ്രധാനമായും ബാഴ്‌സലോണ ടീമിൽ കളിക്കുന്ന യുവതാരങ്ങളാണ് ഈ സീസണിലെ ആദ്യ കിരീടനേട്ടം മെസിക്കൊപ്പം ആഘോഷിച്ചത്. ഡെസ്റ്റ്, പുയ്‌ജ്, ഫാറ്റി, പെഡ്രി എന്നീ താരങ്ങളെല്ലാം ഊഴം കാത്തിരുന്ന് മെസി കിരീടവുമായി നിൽക്കുന്നതിനൊപ്പം ചേർന്ന് ചിത്രങ്ങളെടുത്തു. വളരെ സന്തോഷത്തിലായിരുന്ന മെസി തന്റെ അരികിലേക്കെത്തിയ ഒരു താരത്തെയും നിരാശരാക്കിയതുമില്ല.

യുവന്റസിൽ നിന്നും ബാഴ്‌സലോണയിലെത്തിയ മിറാലം പ്യാനിച്ചും മെസിക്കൊപ്പം ചിത്രമെടുക്കാൻ എത്തിയിരുന്നു.

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമാണ് കോപ്പ ഡെൽ റേ കിരീടനേട്ടം സമ്മാനിച്ചിട്ടുണ്ടാവുക. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലുമില്ലാതെ കനത്ത നാണക്കേടുമായി സീസൺ പൂർത്തിയാക്കിയ ബാഴ്‌സലോണക്ക് ഇത്തവണ ലാ ലിഗ കിരീടം കൂടി സ്വന്തമാക്കാനുള്ള അവസരമുണ്ട്.


facebooktwitterreddit