വീണ്ടും ശമ്പളം കുറക്കുന്നതിന് വേണ്ടി സീനിയര്‍ താരങ്ങളുമായി ചര്‍ച്ചക്കൊരുങ്ങി ബാഴ്സലോണ

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്ന് പോകുന്ന ബാഴ്സലോണ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ക്ലബിലെ സീനിയര്‍ താരങ്ങളോട് വീണ്ടും ശമ്പളം കുറക്കാന്‍ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്.
നേരത്തെ കൊവിഡിന്റെ സമയത്ത് പല താരങ്ങളും ശമ്പളം കുറച്ച് ടീമിനെ സഹായിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പണം കണ്ടെത്താതെ ക്ലബിന് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിന് വേണ്ടിയാണ് താരങ്ങളോട് വീണ്ടും ശമ്പളം കുറക്കാന്‍ ആവശ്യപ്പെടുന്നത്.
അടുത്ത സീസണിലേക്ക് സാവിയുടെ തീരുമാനപ്രകാരമുള്ള ടീമിനെ ഒരുക്കണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടി വരും. ഇനിത് വേണ്ടിയാണ് സീനിയര്‍ താരങ്ങളോട് ശമ്പളം കുറക്കാന്‍ ആവശ്യപ്പെടുന്നതെന്ന് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലബ് ക്യാപ്റ്റന്മാരായ സെര്‍ജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ, ജെറാഡ് പിക്വെ തുടങ്ങിയവരോടാണ് ശമ്പളം കുറക്കാന്‍ ബാഴ്സലോണ ആവശ്യപ്പെടുക. നേരത്തെ ശമ്പളം കുറക്കുന്ന കാര്യത്തെ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ബുസ്കറ്റ്സിനോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യം അറിയേണ്ടതെന്നും അധികൃതര്‍ ഇക്കാര്യം നേരിട്ട് സംസാരിക്കണമെന്നുമായിരുന്നു ബുസ്കറ്റ്സ് നല്കിയ മറുപടി.
മറ്റൊരു സീനിയർ താരമായ സെര്‍ജി റോബര്‍ട്ടോ നേരത്തെ തന്നെ ശമ്പളം കുറിച്ച് ടീമില്‍ ഒരുവര്‍ഷത്തെ കരാര്‍ പുതുക്കുകയും ചെയ്തിരുന്നു. ഈ ആഴ്ച താരങ്ങളുടെ ക്യാമ്പുമായി സംസാരിക്കാനാണ് ബാഴ്സലോണയുടെ തീരുമാനമെന്നും സ്പോടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.