Football in Malayalam

ഹാലൻഡിനെ ടീമിലെത്തിച്ചേ തീരൂ, ഗ്രീസ്മാനു വേണ്ടി ഓഫറുകൾ ക്ഷണിച്ച് ബാഴ്‌സലോണ

Sreejith N
FC Barcelona v Atletico de Madrid - La Liga Santander
FC Barcelona v Atletico de Madrid - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

തന്റെ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഈ സീസണിൽ ബാഴ്‌സലോണക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അന്റോയിന് ഗ്രീസ്മാനു വേണ്ടി ഓഫറുകൾ ക്ഷണിക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു. ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ അടുത്ത സീസണിൽ ടീമിന്റെ ഭാഗമാക്കാനുള്ള ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ് ഫ്രഞ്ച് താരത്തെ ബാഴ്‌സലോണ ഒഴിവാക്കാനൊരുങ്ങുന്നതെന്നാണ് സ്കൈ സ്പോർട്സ് ഇറ്റലി വെളിപ്പെടുത്തുന്നത്.

കോവിഡ് മഹാമാരിയേൽപ്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും ഇതുവരെയും മുക്തമായിട്ടില്ലാത്ത ബാഴ്‌സലോണക്ക് അടുത്ത സീസണിൽ പുതിയ താരങ്ങളെ സ്വന്തമാക്കണമെങ്കിൽ നിലവിലുള്ള താരങ്ങളിൽ ചിലരെ ഒഴിവാക്കിയേ മതിയാവൂ. നിരവധി സൂപ്പർതാരങ്ങൾ ടീമിനൊപ്പം ഉണ്ടെങ്കിലും ഫോം നഷ്‌ടമായ അവർക്കൊന്നും ഉദ്ദേശിച്ച വില ലഭിക്കാൻ സാധ്യതയില്ലാത്തതു കൊണ്ടാണ് കൂടുതൽ തുക ലഭിക്കുമെന്നുറപ്പുള്ള ഗ്രീസ്മാനിലേക്ക് ബാഴ്‌സ തിരിയുന്നത്.

കഴിഞ്ഞ രണ്ടു സീസണുകളായി യൂറോപ്പിൽ തരംഗമായി മാറിയ ഹാലാൻഡിനെ ഈ സമ്മറിൽ സ്വന്തമാക്കണമെങ്കിൽ ക്ലബുകൾ 154 മില്യൺ പൗണ്ട് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ടയും ഹാലാൻഡിന്റെ ഏജന്റായ മിനോ റിയോളയും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നതു കൊണ്ട് താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷ കാറ്റാലൻ ക്ലബിനുണ്ടെങ്കിലും ട്രാൻസ്‌ഫർ ഫീസാണ് അതിനു തടസം നിൽക്കുന്നത്.

അടുത്ത സീസണു ശേഷം ഹാലാൻഡിന് 65 മില്യൺ പൗണ്ടിന്റെ റിലീസ് ക്ളോസ് ആക്റ്റീവ് ആകുമെങ്കിലും യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ ഇപ്പോഴേ ശ്രമം ആരംഭിച്ചതു കൊണ്ട് അടുത്ത സീസൺ വരെ കാത്തിരിക്കാൻ ബാഴ്‌സ ഒരുക്കമല്ല. ലപോർട്ട പ്രസിഡന്റായി വന്നതു മുതൽ അദ്ദേഹത്തിന്റെ പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യമായി ഉയർന്നു കേൾക്കുന്ന പേരാണ് നോർവീജിയൻ താരത്തിന്റേത്.

അതേസമയം ഈ സീസണിൽ വളരെയധികം മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച ഗ്രീസ്മാൻ പത്തൊൻപതു ഗോളുകളും ഏഴ് അസിസ്റ്റുമാണ് ബാഴ്‌സക്കു വേണ്ടി സ്വന്തമാക്കിയിരിക്കുന്നത്. മെസിയുമായി ഒത്തിണക്കം കാണിച്ചു തുടങ്ങിയ താരത്തെ വിൽക്കുന്നതു പക്ഷെ ബാഴ്‌സലോണ ആരാധകർ അംഗീകരിക്കാൻ സാധ്യതയില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit