റഹീം സ്റ്റെര്‍ലിങ്ങിനെ വായ്പാടിസ്ഥാനത്തില്‍ ടീമിലെത്തിക്കാനൊരുങ്ങി ബാഴ്സോലണ

മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിങ്ങിനെ സ്വന്തമാക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ബാഴ്സലോണ തുടരുന്നു. സീസണില്‍ മോശം ഫോമില്‍ തുടരുന്ന ബാഴ്സ, മുന്നേറ്റനിരയിലേക്ക് പുതിയ താരത്തെയാണ് ഇപ്പോള്‍ തേടുന്നത്. അതിനായി കാറ്റലൻ ക്ലബിന്റെ പട്ടികയില്‍ ആദ്യമുള്ള താരമാണ് സ്റ്റെര്‍ലിങ്.
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ അവസരങ്ങള്‍ കുറഞ്ഞ സ്റ്റെര്‍ലിങ് സിറ്റിയുമായി കരാര്‍ നീട്ടിയിട്ടില്ല. സാമ്പത്തികനില മോശമായ ബാഴ്സലോണ വായ്പാടിസ്ഥാനത്തിൽ താരത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
എന്നാൽ, സ്റ്റെർലിംഗിനെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ 50 മില്യൺ യൂറോയോ, അതിൽ കൂടുതലോ വരുമെന്നതിനാൽ, താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കണമെന്ന നിബന്ധന ലോൺ കരാറിൽ ഉൾപ്പെടുത്താൻ ബാഴ്സ താല്പര്യപ്പെടുന്നില്ല. സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സ്റ്റെര്‍ലിങ് ക്ലബ് വിടുന്നതിനോട് മാഞ്ചസ്റ്റര്‍ സിറ്റിക്കും താല്പര്യമാണ്. സ്റ്റെർലിങ് ക്ലബ് വിടുന്നതോടെ സിറ്റിയുടെ വേതന ബില്ലിൽ നിന്ന് താരത്തിന്റെ ശമ്പളം കുറയും. സിറ്റിയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാതെ ഇരുന്നാല്‍ താരത്തിന്റെ മൂല്യം കുറയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ, താരത്തെ ജനുവരിയിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി വിൽക്കാനുള്ള സാധ്യത ഉയർന്ന് നിൽക്കുന്നു.
അതേ സമയം, സീസൺ കഴിയുന്നത് വരെ സ്റ്റെർലിംഗിനെ വായ്പാടിസ്ഥാനത്തിൽ ടീമിൽ കളിപ്പിച്ച്, പ്രതീക്ഷക്കൊത്ത പ്രകടനം താരം പുറത്തെടുക്കുകയാണെങ്കിൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്ഥിരകരാറിൽ സ്വന്തമാക്കാനാണ് ബാഴ്സയുടെ പദ്ധതി.