വരും വർഷങ്ങളിൽ ഒരുപാട് വിജയം നേടാനുള്ള ശരിയായ പാതയിലാണ് ബാഴ്‌സലോണ സഞ്ചരിക്കുന്നത്: പെഡ്രി

വരും വർഷങ്ങളിൽ ഒരുപാട് വിജയം നേടാനുള്ള ശരിയായ പാതയിലാണ് ബാഴ്‌സലോണ ഇപ്പോൾ പോകുന്നതെന്ന് ക്ലബിന്റെ യുവ മധ്യനിരതാരം പെഡ്രി. ജിക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് പെഡ്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കാര്‍ലോസ് പുയോള്‍, ആന്ദ്രെ ഇനിയെസ്റ്റ, സാവി തുടങ്ങിയ താരങ്ങളുണ്ടായിരുന്നപ്പോഴുണ്ടായിരുന്ന സുവര്‍ണകാലഘട്ടത്തിൽ ബാഴ്‌സ നേടി വിജയം ആവർത്തിക്കാൻ നിലവിലെ ടീമിന് കഴിയുമോ എന്ന ചോദ്യത്തിന്, 'അത് ഒരുപാട് പറയലാണ്' എന്ന് മറുപടി നൽകിയ പെഡ്രി, എന്നാൽ ഭാവിയിൽ ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കാനുള്ള ശരിയായ പാതയിലാണ് ക്ലബ് സഞ്ചരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
"ഒരുപാട് പറയലാണ് അത്. കാരണം നമ്മൾ സംസാരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച ബാഴ്‌സോലണയെ കുറിച്ചാണ്. എന്നാൽ വരും വർഷങ്ങളിൽ ഒരുപാട് വിജയം നേടാനുള്ള ശരിയായ പാതയിലാണ് ഞങ്ങൾ എന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാ കിരീടങ്ങളും നേടാന്‍ ബാഴ്‌സലോണക്ക് എപ്പോഴും പോരാടേണ്ടതുണ്ട്," പെഡ്രി വാചാലനായി.
അതേ സമയം, 2020ൽ ലാസ് പാല്‍മാസില്‍ നിന്നായിരുന്നു പെഡ്രി ബാഴ്‌സലോണയിലെത്തിയത്. ആദ്യം ബാഴ്‌സലോണയുടെ ബി ടീമില്‍ കളിച്ച പെഡ്രി ഉടന്‍ തന്നെ സീനിയര്‍ ടീമില്‍ ഇടം നേടി. കുറച്ച് മത്സരം കൊണ്ട് സീനിയര്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാനും പെഡ്രിക്ക് കഴിഞ്ഞു. ബാഴ്‌സലോണയിലെ മിന്നും പ്രകടനം കാരണം സ്പാനിഷ് ദേശീയ ടീമിലേക്കും പെഡ്രിക്ക് അനായാസം കയറിപ്പറ്റാന്‍ കഴിഞ്ഞു. ദേശീയ സീനിയര്‍ ടീമിനൊപ്പം ഇതുവരെ 10 മത്സരം കളിക്കാനും പെഡ്രിക്ക് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.