Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും സിറ്റിയുടെയും താരങ്ങളെ വേണം, കുട്ടീന്യോയെ രണ്ടു ക്ലബുകൾക്കും ഓഫർ ചെയ്‌ത്‌ ബാഴ്‌സലോണ

Sreejith N
FC Barcelona v RCD Espanyol - La Liga Santander
FC Barcelona v RCD Espanyol - La Liga Santander / David Ramos/GettyImages
facebooktwitterreddit

ബ്രസീലിയൻ മധ്യനിര താരമായ ഫിലിപ്പെ കുട്ടീന്യോയെ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി ക്ലബുകൾക്ക് ബാഴ്‌സലോണ ഓഫർ ചെയ്‌തതായി റിപ്പോർട്ടുകൾ. ഈ രണ്ടു ക്ലബുകളിൽ നിന്നുമുള്ള താരങ്ങളെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് കുട്ടീന്യോയെ ബാഴ്‌സലോണ ഓഫർ ചെയ്‌തിരിക്കുന്നത്‌.

സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ എഡിസൺ കവാനി, ആന്റണി മാർഷ്യൽ എന്നിവരിലും മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ഫെറൻ ടോറസ്, റഹീം സ്റ്റെർലിങ് എന്നിവരിലും ബാഴ്‌സലോണക്ക് വളരെയധികം താൽപര്യമുണ്ട്. ഇവരെ ട്രാൻസ്‌ഫർ തുക നൽകി ടീമിലെത്തിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ടാണ് കുട്ടീന്യോയെ ഉൾപ്പെടുത്തിയുള്ള ഡീലിനു ബാഴ്‌സ ശ്രമിക്കുന്നത്.

കുട്ടീന്യോ മറ്റൊരു ടീമിലേക്ക് ചേക്കേറിയാൽ താരത്തിന്റെ കനത്ത ശമ്പളം ഒഴിവാകുമെന്ന ഗുണമുണ്ടെന്നും ഈ ഡീൽ വഴി ബാഴ്‌സലോണ കണക്കു കൂട്ടുന്നു. അതേസമയം ഈ രണ്ടു ക്ലബുകളും ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫറിനോട് തണുത്ത സമീപനമാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2018ൽ ക്ലബ് റെക്കോർഡ് ട്രാൻസ്ഫറിലാണ് ഫിലിപ്പെ കുട്ടീന്യോ ലിവർപൂളിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. എന്നാൽ ബാഴ്‌സയിൽ എത്തിയതിനു ശേഷം ഫോം മങ്ങിയ താരത്തിന് ഇതുവരെയും ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. അതിനിടയിൽ പരിക്കുകളും കുട്ടീന്യോക്ക് തിരിച്ചടിയായി.

ഈ സീസണിൽ പതിമൂന്നു മത്സരങ്ങളിൽ ബാഴ്‌സലോണക്കു വേണ്ടി കളത്തിലിറങ്ങിയ കുട്ടീന്യോ രണ്ടു തവണ മാത്രമാണ് വല കുലുക്കിയിരിക്കുന്നത്. താരത്തിനു വേണ്ടിയുള്ള ഓഫർ മാഞ്ചസ്റ്റർ ക്ലബുകൾ സ്വീകരിച്ചില്ലെങ്കിൽ അത് ജനുവരിയിൽ ടീമിനെ ശക്തമാക്കാനുള്ള പദ്ധതികളെക്കൂടിയാണ് ബാധിക്കുക.


facebooktwitterreddit