Football in Malayalam

ബാഴ്‌സയും നെയ്‌മറും തമ്മിൽ നടന്ന നിയമപോരാട്ടം പരസ്‌പരധാരണയോടെ അവസാനിച്ചു

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

ബാഴ്‌സലോണയും ബ്രസീലിയൻ താരം നെയ്‌മറും നാലു വർഷമായി തുടർന്നിരുന്നു നിയമപോരാട്ടം അവസാനിച്ചു. ഇരു കക്ഷികളും തമ്മിൽ പരസ്പരധാരണയിൽ എത്തി എഗ്രിമെന്റിൽ ഒപ്പു വെച്ചതോടെയാണ് ലേബർ സിവിൽ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസിന് അവസാനമായത്. ഇക്കാര്യം ബാഴ്‌സലോണ ഔദ്യോഗിക പ്രസ്‌താവനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്‌തു.

2017ൽ ബാഴ്‌സലോണയിൽ നിന്നും നെയ്‌മർ പിഎസ്‌ജിയിലേക്ക് ചേക്കേറിയ വിവാദ ട്രാൻസ്‌ഫറിനു ശേഷമാണ് ഇരു കക്ഷികളും തമ്മിൽ നിയമപോരാട്ടം ആരംഭിച്ചത്. 222 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ ബ്രസീലിയൻ താരം ബാഴ്‌സലോണ കരാറിലുള്ള മൂന്ന് ഉടമ്പടികൾ ലംഘിച്ചതു മൂലം 2016ൽ കരാർ പുതുക്കിയതു പ്രകാരമുള്ള ബോണസ് ലഭിക്കാൻ അർഹനല്ലെന്നു ബാഴ്‌സ വ്യക്തമാക്കിയിരുന്നു.

എന്നാൽ ബാഴ്‌സലോണയുടെ നടപടിയെ ചോദ്യം ചെയ്‌ത നെയ്മറുടെ പ്രതിനിധികൾ ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. 2016ൽ ബാഴ്‌സലോണയുമായി കരാർ പുതുക്കിയതിന്റെ ലോയൽറ്റി ബോണസായി 43 മില്യൺ യൂറോയിലധികം കാറ്റലൻ ക്ലബ് നൽകണമെന്നാണ് അവർ പരാതിയിൽ ആവശ്യപ്പെട്ടത്. അതിനൊപ്പം കരാർ ലംഘിച്ചതിന്റെ പേരിൽ ബാഴ്‌സ നെയ്മർക്കെതിരെയും കേസ് നൽകിയതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായി.

2019ൽ ഇതുമായി ബന്ധപ്പെട്ട് ബാഴ്‌സലോണക്ക് അനുകൂലമായൊരു വിധി കാറ്റലൂണിയയിലെ ഒരു കോടതി പുറപ്പെടുവിച്ചിരുന്നു. നെയ്‌മർ ബാഴ്‌സലോണക്ക് ആറു മില്യൺ യൂറോയിലധികം നൽകണമെന്നാണ് ബ്രസീലിയൻ താരത്തിന്റെ കേസ് തള്ളിയതിനു ശേഷം കോടതി പ്രസ്‌താവിച്ചത്‌.

നിലവിൽ രണ്ടു കക്ഷികളും പരസ്പരധാരണയിൽ പിരിഞ്ഞതോടെ ആരും നഷ്‌ടപരിഹാരം നൽകേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസുകൾ അവസാനിച്ചതോടെ ബാഴ്‌സലോണക്കും നെയ്‌മർക്കും പുതിയ സീസണു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാം.


facebooktwitterreddit