ബാഴ്സലോണ ആവശ്യപ്പെട്ടാൽ സഹായിക്കാൻ തയ്യാറാണെന്ന് ക്ലബിന്റെ ഇതിഹാസതാരമായ യായ ടൂറെ


ബാഴ്സലോണ ആവശ്യപ്പെട്ടാൽ ഏതു സമയത്തും സഹായിക്കാൻ തയ്യാറാണെന്ന് ക്ലബിന്റെ ഇതിഹാസങ്ങളിൽ ഒരാളായ മുൻ ഐവറി കോസ്റ്റ് താരം യായ ടൂറെ. ലയണൽ മെസി ക്ലബ് വിട്ടതോടെ ദൗർബല്യങ്ങൾ തല പൊക്കിത്തുടങ്ങിയ ബാഴ്സലോണ നിലവിൽ മോശം പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് 2007 മുതൽ 2010 വരെ ബാഴ്സയിൽ കളിച്ച് രണ്ടു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുള്ള ടൂറെ തന്റെ സേവനം വാഗ്ദാനം ചെയ്തത്.
"വളരെ ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് ബാഴ്സലോണ കടന്നു പോകുന്നതെങ്കിലും ക്ലബ്ബിനെ സംബന്ധിച്ചുള്ള എന്റെ വിശ്വാസം വളരെ ദൃഢമാണ്. എന്നെ ക്ലബിന് ആവശ്യമാണെങ്കിൽ ഏതു സമയത്തും ഞാൻ ലഭ്യമായിരിക്കും. എന്റെ ഹൃദയം എല്ലായിപ്പോഴും ബാഴ്സലോണയുടെയും അവിടെയുള്ളവരുടെയും ക്ലബിന്റെ ആരാധകരുടെയും കൂടെയാണ്.
????? ???? ????? ?
— Goal Africa (@GoalAfrica) October 3, 2021
Yaya Toure has stated he is readily available to help Barcelona at any given time if he is contacted to do so. pic.twitter.com/RWj3sXEICL
"എന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച ഓർമകളിലൊന്നാണ് ബാഴ്സലോണയിൽ കളിച്ച നാളുകൾ. എന്റെ വളരെ ചെറുപ്പത്തിൽ തന്നെ, ഞാൻ പ്രധാന ലീഗുകളിൽ എന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനു മുൻപു തന്നെ ക്ലബ് എന്നിൽ വിശ്വാസം അർപ്പിച്ചിരുന്നു. എനിക്കവർ ചെയ്തു തന്നതിനെല്ലാം ഞാൻ അവരോട് കടപ്പെട്ടിരിക്കും," യായ ടൂറെ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു.
ബാഴ്സലോണ വിട്ടതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയിലേക്കും തുടർന്ന് ഒളിമ്പിയാക്കോസിലേക്കും ചൈനീസ് ലീഗിലേക്കും ചേക്കേറിയ യായ ടൂറെ നിലവിൽ റഷ്യൻ ക്ലബായ അഖ്മത് ഗ്രോസിനിയുടെ സഹപരിശീലകനാണ്. ബാഴ്സലോണയിലെ നേട്ടങ്ങൾക്കു പുറമെ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്നു പ്രീമിയർ ലീഗടക്കമുള്ള കിരീടങ്ങളും ഐവറി കോസ്റ്റിനൊപ്പം ആഫ്രിക്കൻ കപ്പും യായ ടൂറെ നേടിയിട്ടുണ്ട്.
അതേസമയം അത്ലറ്റികോ മാഡ്രിഡിനോട് തോറ്റെങ്കിലും ബാഴ്സയിൽ നിലവിൽ പരിശീലകമാറ്റം ഉണ്ടാകാൻ സാധ്യതയില്ല. കൂമാൻ തന്നെ ക്ലബ് പരിശീലകനായി തുടരുമെന്നും പരിക്കേറ്റ താരങ്ങൾ തിരിച്ചെത്തിയാൽ ടീം മികച്ച പ്രകടനം നടത്തുമെന്നും കഴിഞ്ഞ ദിവസം ലപോർട്ട വ്യക്തമാക്കിയിരുന്നു.