ബാഴ്സലോണ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന സൂചനകൾ നൽകി സാവി


ബാഴ്സലോണ പരിശീലകസ്ഥാനത്ത് റൊണാൾഡ് കൂമാൻ തന്നെ തുടരുമെന്ന് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട നേരത്തെ വ്യക്തമാക്കിയെങ്കിലും ടീം മോശം പ്രകടനം തുടർന്നാൽ അതിൽ മാറ്റമുണ്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല. സീസണിന്റെ തുടക്കത്തിലെ സ്ഥിരതയില്ലാത്ത പ്രകടനവും ചാമ്പ്യൻസ് ലീഗിലെ രണ്ടു തോൽവികളും മൂലം കൂമാനെ പുറത്താക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ വളരെയധികം ശക്തമാണ്.
റൊണാൾഡ് കൂമാന്റെ ബാഴ്സലോണ ഭാവി ഇപ്പോഴും തുലാസിൽ നിൽക്കെ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ താൻ സന്നദ്ധനാണെന്ന സൂചനകൾ നൽകി രംഗത്തു വന്നിരിക്കയാണ് ക്ലബിന്റെ മുൻ താരമായ സാവി ഹെർണാണ്ടസ്. ഈ സീസണിൽ മോശം പ്രകടനം നടത്തുന്ന ബാഴ്സലോണയുടെ ആരാധകരെ സംബന്ധിച്ച് വലിയ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് നിലവിൽ അൽ സാദ് പരിശീലകനായ സാവിയുടേത്.
The Al-Saad boss is happy to listen to an approach from the Catalans. ?https://t.co/IPEUVi8NM7
— MARCA in English (@MARCAinENGLISH) October 9, 2021
"ഏതൊരു ഓഫറും വിശകലനം ചെയ്യപ്പെടുകയും അതിനു ശേഷം തീരുമാനം എടുക്കുകയും ചെയ്യും," സാവി ടിവിഇയോട് പറഞ്ഞു. കാറ്റലൻ ക്ലബിൽ നിന്നും ഓഫർ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ "എന്റെ ഭാവി എവിടേക്കാണ് എന്നെയെത്തിക്കുക എന്നറിയില്ല, പക്ഷെ ഞാനെന്തിനും തയ്യാറാണ്" എന്നായിരുന്നു സാവിയുടെ മറുപടി.
ബാഴ്സലോണയെ സംബന്ധിച്ച് കൂമാനു പകരക്കാരനായി നോക്കി വെച്ചിരിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള പരിശീലകനാണ് സാവി ഹെർണാണ്ടസ്. എന്നാൽ നിലവിൽ പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബായ അൽ സാദ് വിടാൻ താൽപര്യം പ്രകടിപ്പിക്കാത്തതു കൊണ്ടാണ് ഇതുവരെയും സാവിക്കു വേണ്ടിയുള്ള നീക്കങ്ങൾ സജീവമാകാതിരുന്നത്. എന്നാൽ പുതിയ വെളിപ്പെടുത്തൽ ബാഴ്സക്ക് കൂടുതൽ സാധ്യതകൾ തുറക്കുന്നു.
സ്പെയിനും ഫ്രാൻസും തമ്മിൽ നടക്കാനിരിക്കുന്ന യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ നിലവിലെ ലോകചാമ്പ്യന്മാർക്കു തന്നെയാണ് സാധ്യത കൂടുതലെന്നു പറഞ്ഞ സാവി സ്പാനിഷ് പരിശീലകൻ എൻറിക്വയെ പ്രശംസിക്കുകയും ചെയ്തു. യുവതാരങ്ങൾ അടക്കമുള്ള കളിക്കാരെ മികച്ച രീതിയിൽ തയ്യാറാക്കി എടുക്കുന്ന അദ്ദേഹത്തിനു കീഴിൽ മനോഹരമായ ഫുട്ബോളാണ് സ്പെയിൻ കളിക്കുന്നതെന്നും സാവി അഭിപ്രായപ്പെട്ടു.