നെയ്മർ ബാഴ്സയിലേക്ക് തിരിച്ചു വരണമെന്നു പറഞ്ഞിരുന്നു, ഫാറ്റിയെ വിൽക്കാൻ ശ്രമിച്ചുവെന്നതു നുണ: ലപോർട്ട


ബാഴ്സലോണ പ്രസിഡന്റ് ആയതിനു ശേഷം നെയ്മറെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ താൻ നടത്തിയിരുന്നുവെന്നും പിഎസ്ജിയിൽ നിന്നും ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം ബ്രസീലിയൻ സൂപ്പർതാരം പ്രകടിപ്പിച്ചുവെന്നും ക്ലബ് പ്രസിഡന്റായ ലപോർട്ട. ക്ലബിലെ പുതിയ താരോദയമായ അൻസു ഫാറ്റിയെ വിൽക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്ന വാർത്തകൾ നുണയാണെന്നും ലപോർട്ട വ്യക്തമാക്കി.
2022ൽ ലോകറെക്കോർഡ് തുകക്ക് നെയ്മർ ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ഓരോ ട്രാൻസ്ഫർ ജാലകത്തിലും താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ലപോർട്ടയുടെ വെളിപ്പെടുത്തലോടെ കഴിഞ്ഞ സീസണിനിടയിൽ മെസിയുമായി വീണ്ടും ഒരുമിക്കുമെന്ന് നെയ്മർ പറഞ്ഞത് ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ചാണെന്നാണു കണക്കാക്കേണ്ടത്.
Laporta tried to sign Neymar for Barca after being elected https://t.co/CdgfwUpWyJ
— SPORT English (@Sport_EN) September 6, 2021
ബാർട്ടമോവിനു പകരം ബാഴ്സലോണ പ്രസിഡന്റ് ആയതിനു ശേഷം നെയ്മറെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയോയെന്ന ചോദ്യത്തിന് ഇസ്പോർട് 3യോടു ലപോർട്ടയുടെ മറുപടി ഇങ്ങിനെയായിരുന്നു. "അതെ, ഞങ്ങൾ നെയ്മറെ വീണ്ടും സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. താരം ഞങ്ങളെ ബന്ധപ്പെട്ട് തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു."
എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ മൂലം ബാഴ്സയുടെ പദ്ധതികൾ നടന്നില്ലെന്നു മാത്രമല്ല, നെയ്മർ ഫ്രഞ്ച് ക്ലബുമായി ദീർഘകാലത്തേക്ക് കരാർ ഒപ്പിടുകയും ചെയ്തു. അതേസമയം മെസിയുമായി ഒരുമിക്കുമെന്ന നെയ്മറുടെ വാക്കുകൾ അർജന്റീന താരം പിഎസ്ജിയിലേക്ക് ചേക്കേറിയതോടെ യാഥാർഥ്യമാവുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫാറ്റിയെ വിൽക്കാൻ ബാഴ്സലോണ ശ്രമം നടത്തിയെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ലപോർട്ടയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഒരിക്കലുമില്ല, അതെല്ലാം നുണയാണ്. അൻസു ഫാറ്റി വളരെ നിർഭയനായ കളിക്കാരനാണ്, പത്താം നമ്പർ ജേഴ്സി താരം സ്വീകരിക്കുകയും ചെയ്തു."
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ സമ്മറിൽ ആരാധകർ പ്രതീക്ഷിക്കാത്ത നിരവധി ട്രാൻസ്ഫറുകൾ ബാഴ്സ നടത്തിയിരുന്നു. മെസിക്കു പുറമെ അന്റോയിൻ ഗ്രീസ്മൻ, ജൂനിയർ, ഫിർപ്പോ, എമേഴ്സൺ എന്നീ പ്രധാന താരങ്ങളാണ് ക്ലബ് വിട്ടത്.