ബയേണിനെതിരായ തോൽവിക്കു പിന്നാലെ അർദ്ധരാത്രി യോഗം ചേർന്ന് ബാഴ്സലോണ നേതൃത്വം


ബാഴ്സലോണയെ സംബന്ധിച്ച് വലിയ പ്രതിസന്ധികളുടെ ഒരു കാലഘട്ടമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലയണൽ മെസിയുടെ സാന്നിധ്യവും താരത്തിന്റെ മാന്ത്രിക പ്രകടനവും ക്ലബിന്റെയും ടീമിന്റെയും പ്രശ്നങ്ങൾ മുഖ്യധാരയിൽ എത്തുന്നതിനെ ഒരു പരിധി വരെ തടഞ്ഞുവെങ്കിലും താരം ക്ലബ് വിട്ടതോടെ അതു കൂടുതൽ മറനീക്കി പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്.
ബയേൺ മ്യൂണിക്കിനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവി ബാഴ്സയിലെ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ടെന്നാണ് കരുതേണ്ടത്. സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവിക്കു ശേഷം ബാഴ്സലോണ നേതൃത്വത്തിലെ മൂന്നു പ്രധാന വ്യക്തികൾ അർദ്ധരാത്രി വരെ ക്ലബിന്റെ ഓഫീസിൽ യോഗം ചേർന്നിട്ടുണ്ട്.
Midnight meeting between Laporta, Yuste and Alemany https://t.co/4iWlXcLRXC
— SPORT English (@Sport_EN) September 15, 2021
ബാഴ്സലോണ പ്രസിഡന്റായ യോൻ ലപോർട്ട, വൈസ് പ്രസിഡന്റായ റാഫ യുസ്റ്റെ, ഡയറക്റ്റർ ഓഫ് ഫുട്ബോളായ മാത്യു അലെമാണി എന്നിവരാണ് ഇന്നലത്തെ മത്സരത്തിനു ശേഷം ചർച്ചകൾ നടത്തിയത്. ഇന്നലത്തെ മത്സരം സ്പാനിഷ് സമയം 11 മണിക്കാണ് കഴിഞ്ഞതെങ്കിലും രാത്രി രണ്ടു മണിക്കാണ് ഈ മൂന്നു പേരും സ്റ്റേഡിയം വിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാഴ്സലോണ ടീമിലെ പ്രധാന താരമായ ജെറാർഡ് പിക്വയും ഇന്നലത്തെ മത്സരത്തിനു ശേഷം സാധാരണത്തേതിൽ നിന്നും വൈകിയാണ് സ്റ്റേഡിയം വിട്ടത്. എന്നാൽ താരം മീറ്റിങ്ങിൽ പങ്കെടുത്തോ എന്ന കാര്യം വ്യക്തമല്ല. സ്റ്റേഡിയം വിടുന്ന സമയത്ത് ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ലപോർട്ട തയ്യാറായതുമില്ല.
മത്സരത്തിൽ ബാഴ്സ പരാജയം വഴങ്ങിയാൽ കൂമാന്റെ ഭാവി തുലാസിലാവാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബയേൺ മ്യൂണിക്കിനെതിരെ ബാഴ്സലോണ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിർത്തില്ലെന്നതും ലപോർട്ട ആവശ്യപ്പെടാറുള്ള 4-4-3 ഫോർമേഷനു പകരം 3-5-2 ശൈലിയിലാണ് കൂമാൻ ടീമിനെ വിന്യസിച്ചതെന്നും ഇതിനൊപ്പം ചേർത്തു വായിക്കാവുന്നതാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.