അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലെ ഫലമെന്തു തന്നെയായാലും കൂമാൻ ബാഴ്‌സലോണ പരിശീലകനായി തുടരുമെന്ന് ലപോർട്ട

Sreejith N
Benfica v FC Barcelona - UEFA Champions League
Benfica v FC Barcelona - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിനെതിരെ ഇന്നു നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിലെ ഫലം മോശമായാൽ പരിശീലകൻ റൊണാൾഡ്‌ കൂമാന്റെ സ്ഥാനം തെറിക്കുമെന്നുള്ള അഭ്യൂഹങ്ങൾ തള്ളി ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട. ക്ലബ് വളരെയധികം പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായ കൂമാനെ കൂടുതൽ വിശ്വസിക്കണമെന്നും താരങ്ങൾ പരിക്കു മാറി തിരിച്ചെത്തുന്നതോടെ നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

"ഇന്നു രാത്രി നടക്കാനിരിക്കുന്ന മത്സരത്തിലെ ഫലം എന്തു തന്നെയായാലും കൂമാൻ ബാഴ്‌സലോണ പരിശീലകനായി തുടരും. ബാഴ്‌സലോണയുടെ ഇതിഹാസമായ അദ്ദേഹം കൂടുതൽ ആത്മവിശ്വാസം അർഹിക്കുന്നുണ്ട്. ക്ലബിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ കൂമാൻ സന്നദ്ധത കാണിച്ചതിനെ ഞാൻ അഭിനന്ദിക്കുന്നു," ലപോർട്ട മാധ്യമങ്ങളോട് പറഞ്ഞു.

"പരിക്കേറ്റ ഞങ്ങളുടെ കളിക്കാർ സുഖം പ്രാപിക്കുമ്പോൾ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ ഞങ്ങൾക്ക് കഴിയും. നിരുത്സാഹപ്പെടുത്തുന്ന നിമിഷങ്ങളിലൂടെ കൂമാൻ കടന്നു പോയിട്ടുണ്ട്, പക്ഷെ അദ്ദേഹം ആവേശം വീണ്ടെടുത്തു കഴിഞ്ഞു. ഞങ്ങളുടെ പരിക്കേറ്റ കളിക്കാർ സുഖം പ്രാപിക്കുന്നതിനാൽ അദ്ദേഹത്തിന് സമയവും ഞങ്ങളുടെ പിന്തുണയും ലഭിക്കാൻ അർഹതയുണ്ട്," ലപോർട്ട വ്യക്തമാക്കി.

ബാഴ്‌സലോണ പരിശീലകനുമായി വളരെ തണുപ്പൻ ബന്ധമാണ് നിലനിൽക്കുന്നതെന്ന അഭ്യൂഹങ്ങളെ ലപോർട്ട തള്ളിക്കളഞ്ഞു. വളരെ നല്ല രീതിയിലുള്ളതും ആത്മാർത്ഥവുമായ ബന്ധമാണ് തങ്ങൾക്കിടയിലുള്ളതെന്നും താൻ ചിന്തിക്കുന്നതു പോലെയാണ് കൂമാൻ ചിന്തിക്കുന്നതെന്നും പറഞ്ഞ ലപോർട്ട ഇരുവരും പ്രവർത്തിക്കുന്നത് നല്ലതിനു വേണ്ടിയാണെന്നും വ്യക്തമാക്കി,

ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരത്തിൽ മൂന്നു ഗോളുകൾ വീതം വഴങ്ങി തോറ്റതോടെ കൂമാന്റെ രക്തത്തിനായി മുറവിളി കൂട്ടുന്ന ഒരു വിഭാഗം ആരാധകർക്ക് നിരാശ സമ്മാനിക്കുന്നതാണ് ലപോർട്ടയുടെ വാക്കുകൾ. അതേസമയം മികച്ച പരിശീലകരെ പകരക്കാരായി ലഭിക്കാൻ സാധ്യതയില്ലാത്തതു കൊണ്ടാണ് കൂമാൻ തുടരുന്നതെന്ന വാദവും ഉയരുന്നുണ്ട്.


facebooktwitterreddit