മെസിയുടെ ഫുട്ബാൾ ബുദ്ധി കണ്ടിട്ടുള്ളത് ഒരാളിൽ മാത്രം, താരത്തിന്റെ അസാന്നിധ്യം ബാഴ്‌സയെ ബാധിച്ചതിനെപ്പറ്റി കൂമാൻ

Sreejith N
FC Barcelona v Girona - Pre-Season Friendly
FC Barcelona v Girona - Pre-Season Friendly / David Ramos/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ടതിനു ശേഷം താരത്തിന്റെ അസാന്നിധ്യം ട്രെയിനിങ് ഗ്രൗണ്ടിലെ താരങ്ങളുടെ പ്രകടനത്തെ വരെ ബാധിച്ചുവെന്ന് ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. മെസിയുള്ള സമയത്ത് പരിശീലനത്തിലടക്കം പൂർണ മികവു കാണിച്ചിരുന്ന അൻസു ഫാറ്റിക്ക് സംഭവിച്ച പിഴവ് ഇതിനുദാഹരണമാക്കി കൂമാൻ ചൂണ്ടിക്കാണിക്കുകയും ചെയ്‌തു, വോട്ബോൾ ഇന്റർനാഷണലിനോട് സംസാരിക്കുമ്പോഴാണ് കൂമാൻ ബാഴ്‌സ ടീമിൽ അർജന്റീന താരത്തിന്റെ അഭാവം എത്രത്തോളമുണ്ടെന്നതിനെ കുറിച്ചു സംസാരിച്ചത്.

"ഞാൻ ബാഴ്‌സലോണ പരിശീലകനായതിനു ശേഷം ലയണൽ മെസിയുമായി കാസ്റ്റൽഫെഡിലെ വീട്ടിൽ വെച്ച് സംസാരിച്ചിരുന്നു. മെസിക്ക് ഫുട്ബോളിനോട് എത്രത്തോളം താൽപര്യം ഉണ്ടെന്നും താരം അതുമായി എത്രത്തോളം ബന്ധപ്പെട്ടു നിൽക്കുന്നു എന്നതുമാണ് ഞാൻ പെട്ടന്നു ശ്രദ്ധിച്ചത്."

"മെസിയുടെ തുടക്കം ബുദ്ധിമുട്ടായിരുന്നു, അതിനദ്ദേഹം പിന്നീട് ക്ഷമ ചോദിക്കുകയും ചെയ്‌തു. താൻ ചെയ്യുന്നതിന് ഒരു ഭാവിയുണ്ടെന്ന ആശയം മെസിക്ക് ഉണ്ടായിരിക്കണം. അതിനൊപ്പം തന്നെ താരം കൂടുതൽ കൂടുതൽ ഉത്സാഹം കാണിക്കുകയും ചെയ്‌തിരുന്നു."

"മെസിക്കൊപ്പമുള്ള പരിശീലനം മികവുറ്റതായിരുന്നു. ചിലപ്പോൾ ഞങ്ങൾ പാസ് ആൻഡ് കിക്ക് പ്രാക്റ്റീസ് നടത്താറുണ്ട്, പോസ്റ്റിന്റെ വശങ്ങളിലുള്ള വളരെ ചെറിയൊരു ലക്ഷ്യത്തിലേക്ക് ഷൂട്ട് ചെയ്യുകയാണതിന്റെ രീതി. ഒരു ദിവസം അൻസു ഫാറ്റി അതിന്റെ മൂന്നു മീറ്റർ അകലെക്കൂടി ഷൂട്ട് ചെയ്യുന്നത് ഞാൻ കണ്ടു, ശ്രദ്ധ ഇല്ലാത്തതു കൊണ്ടാണ് അതു സംഭവിച്ചത്. എന്നാൽ മെസി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും താരം അതു ചെയ്യില്ലായിരുന്നു. അപ്പോൾ മെസി രോഷം കൊള്ളുമെന്നതു കൊണ്ട് ഫാറ്റിയത് നന്നായി ചെയ്യും. മെസിയുടെ കാര്യത്തിൽ ഒരിക്കലും അതു സംഭവിച്ചിട്ടില്ല."

"യോഹാൻ ക്രൈഫ് ഒഴികെ മറ്റൊരാളെയും മെസിയുടെ ഫുട്ബോൾ ബുദ്ധിയുമായി ഞാൻ കണ്ടിട്ടില്ല. ആൽഫ്രെഡ് ഷ്രൂഡർ (കൂമാന്റെ അസിസ്റ്റന്റ്) ചിലപ്പോഴൊക്കെ പരിശീലന കാര്യങ്ങൾ ഇംഗ്ലീഷിൽ പറയാറുണ്ടായിരുന്നു. മെസി ഇംഗ്ലീഷ് നന്നായി സംസാരിക്കില്ലെങ്കിലും ഏതാനും നിമിഷങ്ങൾക്കുള്ളിൽ താരം അതു മനസിലാക്കിയെടുക്കും."

"അൻപതു ഗോളുകളാണ് മെസി കഴിഞ്ഞ സീസണിൽ സംഭാവന ചെയ്‌തത്‌: മുപ്പതു ഗോളുകളും ഇരുപത് അസിസ്റ്റുകളും. കളിക്കാർക്ക് അദ്ദേഹം ഒരു മാതൃകയായിരുന്നു. ഞങ്ങൾ കഴിഞ്ഞ സീസണിൽ കപ്പ് നേടിയപ്പോൾ, മെസി ഇതിനേക്കാൾ വലിയ കിരീടങ്ങൾ ഒരുപാട് നേടിയ താരമാണ്, എന്നാൽ കോപ്പ ഡെൽ റേ കിരീടം അദ്ദേഹത്തിനു വളരെ വലുതായ ഒന്നായിരുന്നു."

"അതിലുണ്ടായിരുന്ന യുവകളിക്കാർക്കൊപ്പം ക്ലബിന്റെ ഭാവി അദ്ദേഹം കണ്ടു. ആ താരങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം ചിത്രം എടുക്കാൻ ആഗ്രഹിച്ചു. അതുപോലൊന്ന് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. അദ്ദേഹം അത്രയും വലുതാണ്, താരം ഇവിടെയില്ലെന്നത് ഈ നഗരത്തെ മുഴുവൻ ഞെട്ടിക്കുന്ന കാര്യമായിരുന്നു." കൂമാൻ പറഞ്ഞു.


facebooktwitterreddit