ബാഴ്സലോണയിൽ കൂമാനു പകരക്കാരൻ ആരാകണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം നൽകി ഗ്വാർഡിയോള


റൊണാൾഡ് കൂമാനെ സംബന്ധിച്ച് ബാഴ്സലോണയിലെ ഇനിയുള്ള നാളുകളെല്ലാം അതിനിർണായകമാണ്. മെസിയടക്കമുള്ള ചില പ്രധാന താരങ്ങൾ വിട്ടു പോയതിന്റെ തകർച്ചയിൽ നിന്നും ക്ലബ്ബിനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ ഡച്ച് പരിശീലകന് എത്രത്തോളം കഴിയുമെന്നതിനെ കുറിച്ച് ആരാധകർക്കും ബാഴ്സലോണ നേതൃത്വത്തിലെ തന്നെ പലർക്കും സംശയമുള്ളതു കൊണ്ടു തന്നെ ഇനി വരാനിരിക്കുന്ന മത്സരങ്ങളിലെ ഓരോ മോശം ഫലവും അദ്ദേഹത്തിനു പുറത്തേക്കുള്ള വഴി കാണിക്കുന്നതാണ്.
അതിനിടയിൽ റൊകൂമാനെ പുറത്താക്കുകയാണെങ്കിൽ ബാഴ്സലോണ പകരം ആരെ പരിശീലകനാക്കി നിയമിക്കണം എന്ന കാര്യത്തിൽ നിലവിലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകനും മുൻ ബാഴ്സലോണ മാനേജരുമായ പെപ് ഗ്വാർഡിയോള തന്റെ അഭിപ്രായം വെളിപ്പെടുത്തിയെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. എൽ നാഷനലിനെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് മാധ്യമമായ ദി മിററാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
കൂമാനെ പുറത്താക്കുകയാണെങ്കിൽ നിലവിൽ അയാക്സിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്ന എറിക് ടെൻ ഹാഗിനെ ബാഴ്സലോണ പരിഗണിക്കണമെന്നാണ് ഗ്വാർഡിയോള നിർദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് അയാക്സിനെ ചാമ്പ്യൻസ് ലീഗിൽ വിസ്മയിപ്പിക്കുന്ന കുതിപ്പിലേക്കു നയിച്ച ഡച്ച് പരിശീലകനു കീഴിൽ ഈ സീസണിലും അതിഗംഭീര പ്രകടനമാണ് ക്ലബ് നടത്തുന്നത്.
ലപോർട്ടയുമായി മികച്ച ബന്ധമുള്ള ഗ്വാർഡിയോളായാണ് ഈ സീസണിന്റെ തുടക്കത്തിൽ കൂമാനെ ടീമിൽ നിലനിർത്താനുള്ള നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗ്വാർഡിയോളയെ ബാഴ്സയിൽ തിരികെയെത്തിക്കണം എന്നാണു ലപോർട്ടയുടെ താൽപര്യമെങ്കിലും കരാർ അവസാനിക്കുന്നതു വരെ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ തുടരുമെന്നതു കൊണ്ടാണ് എറിക് ടെൻ ഹാഗിനെ നിർദ്ദേശിച്ചതെന്നും കരുതാം.
അതേസമയം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് ദയനീയ പ്രകടനം നടത്തി തോൽവി ഏറ്റു വാങ്ങിയ ബാഴ്സലോണ ഇന്ന് രാത്രി ലാ ലിഗയിൽ ഗ്രാനഡയെ നേരിടാൻ ഇറങ്ങുകയാണ്. ബയേൺ മ്യൂണിക്കെതിരായ തോൽവിയിൽ തന്നെ വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന കൂമാന്റെ തലക്കു മുകളിൽ കിടന്നാടുന്ന വാളാണ് ഇനിയുള്ള ഓരോ മത്സരവും.