'മെസി ബാഴ്സ വിട്ടത് നിങ്ങൾ കാരണമാണ്' - ഗ്രീസ്മനെ കൂക്കി വിളിച്ച് ബാഴ്സലോണ ആരാധകർ


ലയണൽ മെസിയുമായുള്ള കരാർ പുതുക്കാൻ കഴിയില്ലെന്നു ബാഴ്സലോണ വ്യക്തമാക്കിയത് ആരാധകർക്ക് വലിയ ഞെട്ടലാണു നൽകിയത്. ഇതേതുടർന്ന് ക്ലബിനു മുന്നിൽ പ്രതിഷേധവുമായി നിരവധി ആരാധകർ കഴിഞ്ഞ ദിവസം എത്തുകയും ചെയ്തിരുന്നു. ലാ ലിഗയുടെ സാമ്പത്തിക നിയമങ്ങളാണ് മെസിയുടെ കരാർ പുതുക്കാൻ തടസമായി നിൽക്കുന്നതെന്നാണ് ബാഴ്സ അറിയിച്ചത്.
അതേസമയം മെസി ബാഴ്സലോണ വിടുന്നതിൽ ഉയരുന്ന ആരാധക രോഷത്തിന് ഇരയായിരിക്കയാണ് ക്ലബ്ബിന്റെ മുന്നേറ്റനിര താരം അന്റോയിൻ ഗ്രീസ്മൻ. ഇന്നു ബാഴ്സലോണയുടെ മൈതാനത്ത് പരിശീലനത്തിനായി എത്തിയ ഫ്രഞ്ച് താരത്തെ ഒരു കൂട്ടം ആരാധകർ കൂക്കി വിളിച്ചാണ് എതിരേറ്റതെന്ന് സ്പാനിഷ് മാധ്യമമായ ഡിപോർട്ടസ് കുട്രാവോ വെളിപ്പെടുത്തുന്നു.
"ഇതു നിങ്ങളുടെ പിഴവാണ്, മെസി ക്ലബ് വിടുന്നതിന്റെ കാരണം നിങ്ങളാണ്. ഇവിടെ നിന്നും പോവുക," ബാഴ്സയുടെ ട്രെയിനിങ് മൈതാനത്തേക്ക് വരുന്ന ഗ്രീസ്മനെയും കാത്ത് ഗേറ്റിനരികിൽ നിന്നിരുന്ന ആരാധകർ വിളിച്ചു പറഞ്ഞതായി സ്പാനിഷ് മാധ്യമം വ്യക്തമാക്കി.
നേരത്തെ ഗ്രീസ്മൻ ക്ലബ് വിട്ടാൽ മെസിയുടെ കരാർ പുതുക്കാനുള്ള തടസങ്ങൾ നീങ്ങുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ട്രാൻസ്ഫർ നീക്കങ്ങൾ വിജയം കാണാതിരുന്നതിനു പുറമെ പ്രീ സീസൺ മത്സരങ്ങളിൽ ഗ്രീസ്മൻ മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ താരത്തെ ബാഴ്സയിൽ നിലനിർത്താൻ പരിശീലകൻ തീരുമാനിച്ചു. ഇതാണ് ആരാധക രോഷത്തിനു കാരണമെന്നാണു കരുതേണ്ടത്.
മെസിയുടെ കരാർ പുതുക്കാൻ വേണ്ടി വേതനം കുറക്കാനുള്ള ആവശ്യം നിരാകരിച്ച ജോർദി ആൽബക്കു നേരെയും ആരാധകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഗ്രീസ്മൻ പ്രതിഫലം കുറക്കാൻ വേണ്ടി ബാഴ്സയുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കയാണെന്നു റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.