ബാഴ്‌സലോണ തന്നെ ഒഴിവാക്കിയ രീതി വളരെ വേദനിപ്പിച്ചുവെന്ന് ബ്രസീലിയൻ താരം എമേഴ്‌സൺ

Sreejith N
FC Barcelona Unveils New Signing Emerson Royal
FC Barcelona Unveils New Signing Emerson Royal / Quality Sport Images/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സ തന്നെ ഒഴിവാക്കിയ രീതി വളരെയധികം വേദനിപ്പിച്ചുവെന്ന് ബ്രസീലിയൻ റൈറ്റ് ബാക്കായ എമേഴ്‌സൺ റോയൽ. ട്രാൻസ്‌ഫർ ജാലകത്തിന്റെ തുടക്കത്തിൽ റയൽ ബെറ്റിസിൽ നിന്നും പത്തു മില്യൺ യൂറോയോളം വരുന്ന തുകക്ക് ടീമിലെത്തിച്ച എമേഴ്‌സണെ ട്രാൻസ്‌ഫർ ഡെഡ്‌ലൈൻ ദിവസം ബാഴ്‌സലോണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോട്സ്പറിനു വിൽക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ അയാക്‌സിൽ നിന്നും സ്വന്തമാക്കിയ സെർജിനോ ഡെസ്റ്റിന്റെ ആദ്യ ഇലവനിലെ സ്ഥാനത്തിന് ഭീഷണിയുയർത്താൻ എമേഴ്‌സണ് കഴിയുമെന്ന പ്രതീക്ഷയിൽ ഇരിക്കെ താരം ഒഴിവാക്കപ്പെട്ടത് ആരാധകർക്ക് ഞെട്ടലായിരുന്നു. ബാഴ്‌സലോണയിൽ കളിക്കുകയെന്ന സ്വപ്‌നവുമായി എത്തിയ തനിക്കും സമാനമായ അവസ്ഥ തന്നെയാണുണ്ടായതെന്നാണ് എമേഴ്‌സണും മാർക്കക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

"ഞാൻ തുടരണമെന്ന ആവശ്യമായിരുന്നു ക്ലബിനുണ്ടായിരുന്നത് എന്നാണു കരുതിയിരുന്നത്. ഞായറാഴ്‌ച ഞാൻ ആദ്യ ഇലവനിൽ കളിച്ചു, പിറ്റേ ദിവസം ട്രെയിനിങ് നടത്തി. ആ സമയത്ത് ഞാൻ കുറെ കാര്യങ്ങൾ കാണാനാരംഭിച്ചു. ടോട്ടനം ബാഴ്‌സലോണയോട് സംസാരിക്കുന്നു, അവരതിൽ ഏറെക്കുറെ തീരുമാനത്തിൽ എത്തിയിട്ടുമുണ്ടായിരുന്നു."

"ഒന്നും അറിഞ്ഞിട്ടില്ലായിരുന്നതു കൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിലും എനിക്കു വ്യക്തത ഉണ്ടായിരുന്നില്ല. വൈകുന്നേരം ക്ലബിൽ നിന്നും എന്നെ വിളിച്ച് സിയുഡഡ് ഡീപോർട്ടിവയിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് ബാഴ്‌സലോണക്ക് എന്നെ വിൽക്കാൻ താൽപര്യമുണ്ടെന്നു മനസിലായത്."

"ക്ലബിന്റെ ലീഡേഴ്‌സുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് അവിടുത്തെ സാഹചര്യം വളരെ മോശമാണെന്നാണ്. ക്ലബ് വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും എന്നെ വിൽക്കുന്നതാണ് നല്ലതെന്നും അവർ അറിയിച്ചു. അവരോട് ബാഴ്‌സയിൽ കളിച്ച് ടീമിന് സംഭാവനകൾ നൽകുന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ഞാൻ അറിയിച്ചത്."

"ഫിറ്റ്നസ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ ഞാൻ ക്ലബിനൊപ്പം വിജയം നേടുമെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നെങ്കിലും അവർ എന്നോട് ടീം വിടാൻ ആവശ്യപ്പെടുകയാണെന്നു ഞാൻ മനസിലാക്കി. വളരെ നല്ല വാക്കുകൾ പറഞ്ഞ് എന്നെ ടീമിനു പുറത്തിടുകയായിരുന്നു അവർ."

"എനിക്ക് കളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. കോൺട്രാക്‌ട് ഉള്ള ഫുട്ബോളർ ആയതു കൊണ്ടു തന്നെ അവരുടെ താൽപര്യം നിഷേധിക്കാൻ എനിക്കു കഴിയുമായിരുന്നു എങ്കിലും സന്തോഷത്തോടെ തുടരാനാണ് ഞാൻ എല്ലായിപ്പോഴും ആഗ്രഹിക്കുന്നത്. സങ്കടത്തോടെ ഞാൻ ഇഷ്‌ടപ്പെടുന്ന ഒരു ക്ലബിൽ തുടരാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ പോകാൻ തീരുമാനിച്ചു. ഈ ക്ലബിൽ ദുഃഖിതനായി തുടരാൻ ഞാനില്ലെന്നു സ്വയം പറഞ്ഞു മനസിലാക്കി," എമേഴ്‌സൺ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit