ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ എഴുതിത്തള്ളാൻ കഴിയില്ല, എതിരാളികൾക്ക് അഗ്യൂറോയുടെ മുന്നറിയിപ്പ്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരങ്ങൾ ടീം വിട്ടതോടെ യുവപ്രതിഭകളെ കൂടുതൽ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കിലും ബാഴ്സലോണയെ ചാമ്പ്യൻസ് ലീഗടക്കം ഒരു കിരീടപ്പോരാട്ടത്തിൽ നിന്നും എഴുതിത്തള്ളാൻ കഴിയില്ലെന്ന് സെർജിയോ അഗ്യൂറോ. ഉയർച്ചകളും താഴ്ചകളും ക്ലബുകൾക്ക് ഉണ്ടാകുമെങ്കിലും ബാഴ്സയെപ്പോഴും ബാഴ്സ തന്നെയാണെന്നും എതിരാളികൾ ടീമിനെ ബഹുമാനിക്കണമെന്നും അഗ്യൂറോ പറഞ്ഞു.
"ബാഴ്സലോണ ബാഴ്സലോണ തന്നെയാണ്, അതു കൊണ്ടു തന്നെ എല്ലാ കിരീടങ്ങൾക്കും ഞങ്ങൾ പൊരുതേണ്ടതുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾക്ക് സാധ്യത കൽപ്പിക്കപ്പെടുന്നില്ലെങ്കിലും എതിരാളികൾ ഞങ്ങളെ ബഹുമാനിക്കണം." ആർഎസി വണിനോട് അഗ്യൂറോ പറഞ്ഞു.
"ബാഴ്സലോണയെ ഞാൻ നേരിട്ടപ്പോഴൊക്കെ, അവരുടെ മോശം സമയത്തു പോലും, ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നത് അതു ബാഴ്സലോണ ആണെന്നായിരുന്നു. ആളുകൾ ചാമ്പ്യൻസ് ലീഗിൽ ഞങ്ങളിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല, പക്ഷെ കരുതിയിരിക്കുക," അഗ്യൂറോ വ്യക്തമാക്കി.
ലയണൽ മെസി ബാഴ്സലോണ വിട്ടാൽ തന്നെയും ടീം വിടാൻ അനുവദിക്കുന്ന തരത്തിലുള്ള ഉടമ്പടി കരാറിലുണ്ടെന്ന അഭ്യൂഹങ്ങൾ അഗ്യൂറോ നിഷേധിച്ചു. തന്നെ സൈൻ ചെയ്യുന്ന സമയത്ത് മെസിയുമായി കരാർ ഒപ്പിട്ടിരുന്നില്ലെന്നും അത്തരമൊരു ഉടമ്പടി ഉണ്ടായിരുന്നില്ലെന്നും അതിനു ശേഷം തനിക്ക് പരിക്ക് പറ്റുകയാണ് സംഭവിച്ചതെന്നും അഗ്യൂറോ പറഞ്ഞു.
താൻ പരിക്കിൽ നിന്നും മുക്തനായി കൊണ്ടിരിക്കുകയാണെന്നും അടുത്തയാഴ്ച്ച ചെറിയ തോതിൽ ട്രെയിനിങ് ആരംഭിക്കുമെന്നും അഗ്യൂറോ വ്യക്തമാക്കി. ഒക്ടോബർ മാസത്തിൽ താരം പരിക്കു ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നാണ് നിലവിലെ സൂചനകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.