Football in Malayalam

ലയണൽ മെസിയെന്ന അദ്ധ്യായം ബാഴ്‌സലോണ അടച്ചു വെക്കണം, ഒറ്റക്കെട്ടായി ടീമിനു മുന്നോട്ടു പോകാൻ കഴിയുമെന്ന് കൂമാൻ

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

ലയണൽ മെസി ക്ലബ് വിട്ടതോടെ ആ അധ്യായം ബാഴ്‌സലോണ താരങ്ങൾ അടച്ചു വെക്കണമെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. പതിനേഴു വർഷം സീനിയർ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തിന്റെ അഭാവത്തെ മറികടക്കുക ബുദ്ധിമുട്ടാണെങ്കിലും ഒറ്റക്കെട്ടായി പൊരുതിയാൽ അതിനു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഎസ്‌പിഎന്നിനോട് സംസാരിക്കുകയായിരുന്നു കൂമാൻ.

"ഒരു കളിക്കാരന് അവസാനമുണ്ടായിരിക്കുമെന്ന് നമ്മൾ എല്ലായിപ്പോഴും മനസിലാക്കേണ്ട കാര്യമാണ്. ആ അധ്യായം അടച്ചു വെക്കണം, കാരണം നമുക്ക് പുതിയ സീസണിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പുതിയ താരങ്ങളെ വെച്ച് മുന്നോട്ടു പോകാനാണ് ടീം തയ്യാറാവേണ്ടത്, അതിനുള്ള സമയവും നമുക്കുണ്ട്. ക്ലബിന്റെ ഭാവിയാകാൻ കഴിയുന്ന യുവതാരങ്ങൾ ടീമിലുണ്ട്. ക്ലബിന്റെ ഭാവിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതു കൊണ്ടു തന്നെ പഴയ കാര്യങ്ങളെ മറക്കേണ്ടത് പ്രധാനമാണ്," കൂമാൻ പറഞ്ഞു.

"മെസിയെ ടീമിന്റെ ഭാഗമാക്കുന്നതിൽ ക്ലബിനും ലാ ലിഗക്കും താരത്തിനും ഇടയിൽ പല ബുദ്ധിമുട്ടുകളുമുണ്ടായി. അതിനു കുറെ സമയവും എടുത്തിരുന്നു. എന്നാൽ താരം ബാഴ്‌സ വിടുന്നുവെന്ന് അറിഞ്ഞത് എനിക്ക് വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു. എന്നാൽ സാമ്പത്തിക സാഹചര്യങ്ങളാണ് അതിന്റെ പിന്നിലെ കാരണമെന്നും എനിക്കറിയാം.

"താരം ക്ലബ് വിട്ടത് ബുദ്ധിമുട്ട് തന്നെയായിരിക്കും. കാരണം നമ്മൾ മറ്റൊരു കളിക്കാരനെക്കുറിച്ചുമല്ല, നിരവധി സീസണുകളായി ലോകത്തിലെ മികച്ച താരമായി തുടരുന്ന ലയണൽ മെസിയെ കുറിച്ചാണ് സംസാരിക്കുന്നത്. താരം അടുത്ത സീസണിൽ ഞങ്ങൾക്കൊപ്പം ഇല്ലെന്നത് വളരെ നിരാശ തന്നെയാണ്. എന്നാൽ സീസൺ തുടങ്ങാനിരിക്കെ ആ നിരാശയിൽ തന്നെ തുടരുകയല്ല വേണ്ടത്. കുറച്ച് ദിവസം അതൊരു ബുദ്ധിമുട്ടേറിയ സാഹചര്യമായിരുന്നെന്ന് നിങ്ങൾ മനസിലാക്കണം. മെസി ഈ ക്ലബിനു വളരെ വലിയ കാര്യമായിരുന്നു," കൂമാൻ പറഞ്ഞു.

ഒരു സീസണിൽ മുപ്പതു ഗോളുകൾ നേടുന്ന മെസിയുടെ അഭാവത്തെ ഒരു ടീമെന്ന നിലയിലാണ് ബാഴ്‌സലോണ മറികടക്കേണ്ടതെന്നും കൂമാൻ പറഞ്ഞു. പരിക്കിൽ നിന്നും മുക്തരായി എത്തിയ അൻസു ഫാറ്റി, കുട്ടീന്യോ തുടങ്ങിയവർ ടീമിന് കരുത്തു പകരുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ നൽകാൻ പ്രയത്നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit