സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മൊഹമ്മദ് സലായെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി ബാഴ്‌സലോണ


വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയുടെ പ്രധാന ലക്‌ഷ്യമായിരുന്നത് ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡായിരുന്നു. എന്നാൽ നോർവീജിയൻ താരവുമായി മാഞ്ചസ്റ്റർ സിറ്റി ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ വന്നതോടെ ആ നീക്കങ്ങളിൽ നിന്നും പുറകോട്ടു പോവുകയാണെന്ന സൂചനകൾ കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട നൽകുകയുമുണ്ടായി.
ഹാലൻഡിനെ സ്വന്തമാക്കാൻ കഴിയില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായതിനാൽ അടുത്ത സമ്മറിൽ മറ്റു താരങ്ങളെ ബാഴ്‌സലോണ തേടിത്തുടങ്ങിയിട്ടുണ്ട്. സ്‌പാനിഷ് മാധ്യമം എഎസിന്റെ റിപ്പോർട്ട് പ്രകാരം ബാഴ്‌സ നോട്ടമിടുന്ന താരങ്ങളിലൊരാൾ ലിവർപൂളിന്റെ മൊഹമ്മദ് സലായാണ്. 2023ൽ കരാർ അവസാനിക്കുന്ന താരം അതു പുതുക്കാൻ തയ്യാറാവാത്തതു മുതലെടുത്ത് സലായെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ക്ലബ് നടത്തുന്നത്.
This morning's #LFC transfer rumourshttps://t.co/pmjpTcV018
— Liverpool FC News (@LivEchoLFC) March 15, 2022
ഹാലൻഡിന്റെ പൊസിഷനിൽ കളിക്കുന്ന താരമല്ല സലാ എങ്കിലും ഒരു സീസണിൽ മുപ്പതോളം ഗോളുകൾ ഈജിപ്ഷ്യൻ വിങ്ങർ ഉറപ്പു നൽകുന്നുണ്ട്. ഇരുപത്തിയൊൻപതു വയസുള്ള സലാക്ക് ഇനിയും ചുരുങ്ങിയത് നാലു വർഷത്തോളം മികച്ച പ്രകടനം നടത്താൻ കഴിയും. ഒസ്മാനെ ഡെംബലെ അടുത്ത സമ്മറിൽ ക്ലബ് വിട്ടാൽ ആ അഭാവം പരിഹരിക്കാൻ റൈറ്റ് വിങ്ങിൽ കളിക്കുന്ന സലാക്ക് കഴിയുകയും ചെയ്യും.
കരാർ അവസാനിക്കാൻ ഒരു വർഷമേ ബാക്കിയുണ്ടാവൂ എന്നതിനാൽ സമ്മറിൽ 60 മുതൽ 70 മില്യൺ വരെ മുടക്കിയാൽ സലായെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്. ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് സലായുടെ ക്യാമ്പുമായി ബാഴ്‌സലോണ ബന്ധപ്പെട്ടുവെന്നും സ്പൈനിലേക്ക് ചേക്കേറാനുള്ള ആഗ്രഹം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുള്ള താരത്തിന്റെ മറുപടി അനുകൂലമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സലായുടെ വന്നാലും എർലിങ് ഹാലൻഡിനെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ പദ്ധതികളെ അതു ബാധിക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹാലാൻഡിന്റെ ഏജന്റായ മിനോ റയോള ചെറിയ കരാറുകളാണ് കൂടുതൽ പരിഗണിക്കുന്നത് എന്നിരിക്കെ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷ ബാഴ്‌സലോണക്കുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.