Football in Malayalam

ഓസ്ട്രിയൻ മെസി ബാഴ്സലോണയുടെ റഡാറിൽ ; സമ്മറിൽ താരത്തിനായി നീക്കം നടത്തിയേക്കും

Gokul Manthara
SK Rapid v TSV McDonald's St. Johann - Uniqa OeFB Cup
SK Rapid v TSV McDonald's St. Johann - Uniqa OeFB Cup / Johann Schwarz/Getty Images
facebooktwitterreddit

ഓസ്ട്രിയൻ മെസിയെന്ന് വിളിപ്പേരുള്ള കൗമാര മുന്നേറ്റ താരം യൂസഫ് ഡെമിറിനെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് പദ്ധതികളെന്ന് സൂചന. കഴിഞ്ഞ കുറച്ച് നാളുകളായി ഈ പതിനേഴുകാരനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ബാഴ്സലോണ വരുന്ന സമ്മറിൽ താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുമെന്ന് പ്രശസ്ത ഓസ്ട്രിയൻ മാധ്യമമായ ക്രോനൻ സെയ്തുങ് ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂറോപ്പ്യൻ ഫുട്ബോളിലെ അടുത്ത വലിയ സംഭവമാകുമെന്ന് ഫുട്ബോൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന ഡെമിർ നിലവിൽ ഓസ്ട്രിയൻ ക്ലബ്ബായ റാപ്പിഡ് വിയന്നക്ക് വേണ്ടിയാണ് കളിക്കുന്നത്. ബാഴ്സലോണയ്ക്ക് പുറമേ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ ക്ലബ്ബുകൾക്കും പതിനേഴുകാരനായ ഡെമിറിൽ കണ്ണുണ്ടെന്ന് നേരത്തെ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ബാഴ്സലോണയും, ജെർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടുമാണ് താരത്തിനായി ഏറ്റവും ഗൗരവത്തോടെ രംഗത്തുള്ളതെന്നാണ് ഓസ്ട്രിയൻ ദിനപത്രമാണ് ക്രോനൻ സെയ്തുങ് ചൂ‌ണ്ടിക്കാട്ടുന്നത്. 6-8 മില്ല്യൺ യൂറോക്കിടയിൽ വരുന്ന തുകയാകും താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന‌ ക്ലബ്ബിന് മുടക്കേണ്ടി വരികയെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ 2022 ജൂൺ വരെയാണ് ഡെമിറിന് റാപ്പിഡ് വിയന്നയുമായി കരാറുള്ളത്. താരത്തിന് 18 വയസായതിന് ശേഷം അദ്ദേഹവുമായി പുതിയ കരാർ ഒപ്പുവെക്കാമെന്നും ഇതിൽ മാന്യമായ റിലീസ് ക്ലോസ് ഉൾപ്പെടുത്താമെന്നുമുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ ഓസ്ട്രിയൻ ക്ലബ്ബ്. ഇത് ഭാവിയിൽ ത‌‌‌ങ്ങൾക്ക് സാമ്പത്തികമായി വലിയ നേട്ടം സമ്മാനിക്കുമെന്ന് ക്ലബ്ബ് വിശ്വസിക്കുന്നു.

അതേ സമയം ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ കളി ശൈലിയോട് ഏറെ സമാനതകളുള്ള താരമാണ് ഡെമിർ. പതിനേഴുവയസുകാരനായ താരത്തിന്റെ ഷൂട്ടിംഗ് പാടവം, ഡ്രിബ്ലിംഗ്, ബോളിലുള്ള നിയന്ത്രണം എന്നിവ ഇതിനോടകം ഫുട്ബോൾ ലോകത്തിന്റെ വലിയ കൈയ്യടികൾ നേടിക്കഴിഞ്ഞു. ഭാവിയിലെ സൂപ്പർ താരങ്ങളിലൊരാളാകാൻ കെൽപ്പുള്ള ഈ കൗമാരക്കാരനെ ടീമിലെത്തിക്കുന്നത് അത് കൊണ്ടു തന്നെ ഏത് ടീമിനും നേട്ടം തന്നെയാകും എന്നാണ് ഫുട്ബോൾ പണ്ഡിതരും വിലയിരുത്തുന്നത്.

facebooktwitterreddit