ബാഴ്‌സലോണ ഏഴു ബ്രസീലിയൻ താരങ്ങളെ നോട്ടമിടുന്നു
By Sreejith N

അടുത്ത സീസണിൽ ടീമിനു കൂടുതൽ കരുത്തു പകരാൻ ബാഴ്‌സലോണ ഏഴു ബ്രസീലിയൻ താരങ്ങളെ നോട്ടമിടുന്നു. സാവി പരിശീലകനായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തി ലീഗിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത ബാഴ്‌സലോണ അടുത്ത സീസണിൽ തങ്ങളുടെ അപ്രമാദിത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതെന്ന് സ്പോർട്ട് വെളിപ്പെടുത്തുന്നു.
ബാഴ്‌സലോണയുടെ ട്രാൻസ്‌ഫർ ലക്ഷ്യങ്ങളിൽ പ്രധാനിയായ താരം ലീഡ്‌സ് യുണൈറ്റഡ് വിങ്ങറായ റഫിന്യയാണ്. പ്രീമിയർ ലീഗിൽ ലീഡ്‌സിനെ തരം താഴ്ത്തലിൽ നിന്നും രക്ഷപ്പെടുത്തിയ താരത്തെ ഒസ്മാനെ ഡെംബലെക്കു പകരക്കാരനായാണ് ബാഴ്‌സ പരിഗണിക്കുന്നത്. ഇതിനു പുറമെ സീസണിൽ ആറു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ പാൽമിറാസ് ഡിഫെൻസിവ് മിഡ്‌ഫീൽഡർ ഡാനിലോയെ ബുസ്‌ക്വറ്റ്‌സിന് പകരക്കാരനായും പരിഗണിക്കുന്നുണ്ട്.
കരാർ അവസാനിച്ച് ക്ലബ് വിട്ട ഡാനി ആൽവസിനു പകരമായി ഷാക്തർ ഡോണേടസ്‌കിന്റെ റൈറ്റ് ബാക്കായ ഡോഡോയും ബാഴ്‌സലോണയുടെ റഡാറിലുണ്ട്. കഴിഞ്ഞ സീസണിൽ 26 മത്സരങ്ങൾ കളിച്ച താരം നാല് അസിസ്റ്റുകൾ സ്വന്തമാക്കി. ഇതിനു പുറമെ സാന്റോസിന്റെ യുവപ്രതിരോധ താരമായ കൈകിയാണ് ബാഴ്‌സയുടെ റഡാറിലുള്ളത്. താരത്തെ വാങ്ങാനുള്ള അവകാശം സ്വന്തമാക്കിയ ബാഴ്‌സ അതിനായി ഇരുപതു മില്യൺ നൽകേണ്ടി വരും.
സാന്റോസിന്റെ തന്നെ താരമായ ആഞ്ചെലോ ഗബ്രിയേൽ, വാസ്കോ ഡ ഗാമയുടെ പതിനെട്ടു വയസുള്ള മധ്യനിര താരം ആന്ദ്രേ സാന്റോസ്, വാസ്കോ ഡി ഗാമയുടെ തന്നെ പതിനഞ്ചു വയസുള്ള താരമായ റയാൻ എന്നിവരിലും ബാഴ്‌സലോണക്ക് താൽപര്യമുണ്ട്.
അതേസമയം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ഈ താരങ്ങളെ മുഴുവൻ സ്വന്തമാക്കാൻ കഴിയുമോയെന്ന് ഉറപ്പിക്കാൻ കഴിയില്ല. നിലവിൽ കരാർ ധാരണയിൽ എത്തിയ താരങ്ങളെ പോലും ബാഴ്‌സക്ക് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലപോർട്ട മുന്നോട്ടു വെച്ച പദ്ധതികൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.