Football in Malayalam

റയൽ മാഡ്രിഡ് റൊണാൾഡോയെ മിസ് ചെയ്തതു പോലെയാണ് ബാഴ്സലോണ സുവാരസിനെ മിസ് ചെയ്യുന്നതെന്ന്‌ ഡിയഗോ ഫോർലാ‌ൻ

Gokul Manthara
Barcelona v Real Madrid - La Liga
Barcelona v Real Madrid - La Liga / David Ramos/Getty Images
facebooktwitterreddit

2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട് യുവന്റസിലേക്ക് പോയതിന് ശേഷം, റയൽ മാഡ്രിഡ് അദ്ദേഹത്തെ എങ്ങനെ മിസ് ചെയ്തോ, അതു ‌പോലെ തന്നെയാണ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോയ ലൂയിസ് സുവാരസിനെ ബാഴ്സലോണയും മിസ് ചെയ്യുന്നതെന്ന്‌ ഡിയഗോ ഫോർലാൻ. കഴിഞ്ഞ ദിവസം എഎഫ്‌പിയോട് സംസാരിക്കവെയായിരുന്നു ഉറുഗ്വെൻ ഇതിഹാസ താരമായ ഫോർലാൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ സമ്മറിൽ സുവാരസിനെ ടീം വിടാൻ അനുവദിച്ചത് ബാഴ്സലോണയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വലിയ തെറ്റാണെന്നാണ് ഫോർലാന്റെ പക്ഷം. സുവാരസിനെ വിൽക്കാൻ പോവുകയാണെന്ന് ബാഴ്സലോണ പറഞ്ഞപ്പോൾത്തന്നെ അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് തനിക്കറിയാമായിരുന്നുവെന്നും പിച്ചിലെ പ്രകടനങ്ങളല്ല അദ്ദേഹം ടീമിൽ നിന്ന് പോകാൻ കാരണമെന്നും ഇതിനൊപ്പം ഫോർലാൻ ചൂണ്ടിക്കാട്ടി.

ബാഴ്സലോണ നിലവിൽ ലൂയി സുവാരസിനെ വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നാണ് ഫോർലാൻ പറയുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടപ്പോൾ റയൽ മാഡ്രിഡ് കടന്നു പോയ അതേ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ ബാഴ്സലോണ സഞ്ചരിക്കുന്നതെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

"ബാഴ്സലോണ ലൂയിസിനെ മിസ് ചെയ്യുന്നു. അത് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടപ്പോൾ റയൽ മാഡ്രിഡ് അദ്ദേഹത്തെ മിസ് ചെയ്തതു പോലെയാണ്."

ഡിയഗോ ഫോർലാ‌ൻ

ക്രിസ്റ്റ്യാനോ റയൽ വിട്ടപ്പോൾ, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളെയും, വർഷാ വർഷം നേടുന്ന 50 ഗോളുകളെയുമാണ് റയൽ മാഡ്രിഡ് നഷ്ടപ്പെടുത്തിയതെന്ന് ഫോർലാൻ ചൂണ്ടിക്കാട്ടുന്നു‌. റൊണാൾഡോയേയും, സുവാരസിനേയും പോലുള്ള കളിക്കാരെ വിൽക്കുകയാണെങ്കിൽ അവർക്ക് പകരക്കാരെ കൊണ്ടു വരേണ്ടത് ടീമുകൾക്ക് അനിവാര്യമാണെന്നും എന്നാൽ ഇതിൽ വലിയ അപകടസാധ്യതയുണ്ടെന്നും പറഞ്ഞ ഫോർലാൻ, ക്രിസ്റ്റ്യാനോ പോയതിന് ശേഷം റയലിന് കാര്യങ്ങൾ ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും ബാഴ്സലോണയുടെ ഇപ്പോളത്തെ സ്ഥിതി സമാനമാണെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit