Football in Malayalam

മെസിയെ നിലനിർത്താനുള്ള തന്ത്രവുമായി ലപോർട്ട, അഗ്യൂറോയെ ടീമിലെത്തിക്കാൻ ഓഫർ നൽകി

Sreejith N
TOPSHOT-FBL-COPA AMERICA-2019-QAT-ARG
TOPSHOT-FBL-COPA AMERICA-2019-QAT-ARG / CARL DE SOUZA/Getty Images
facebooktwitterreddit

ബാഴ്‌സലോണക്ക് അവിസ്‌മരണീയമായ നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രസിഡന്റായ യോൻ ലപോർട്ട ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കറ്റാലൻ ക്ലബിന്റെ ആരാധകർക്ക് തെല്ലൊന്നുമല്ല ആശ്വാസം നൽകിയിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച ബാഴ്‌സലോണ ടീമിനെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുള്ള ലപോർട്ട നിലവിൽ ക്ലബ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ മികച്ച രീതിയിൽ തന്നെ മറികടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ലപോർട്ടക്ക് മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം ടീമിന്റെ നായകനായ ലയണൽ മെസിയെ ബാഴ്‌സലോണയിൽ നിലനിർത്തുകയെന്നതാണ്. കഴിഞ്ഞ സമ്മറിൽ തന്നെ ബാഴ്‌സലോണ വിടാൻ ആഗ്രഹം പ്രകടിപ്പിച്ച, ഈ സീസണോടെ ക്ലബുമായുള്ള കരാർ അവസാനിക്കുന്ന അർജന്റീനിയൻ താരത്തെ ടീമിനൊപ്പം തുടരാൻ സമ്മതിപ്പിക്കുക പ്രയാസകരമായ കാര്യമാണെങ്കിലും അതിനുള്ള തന്ത്രം ലപോർട്ട ഇപ്പോഴേ മെനഞ്ഞു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർടിന്റെ റിപ്പോർട്ടുകൾ പ്രകാരം ദേശീയ ടീമിലെ സഹതാരവും മെസിയുടെ വളരെ അടുത്ത സുഹൃത്തുമായ സെർജിയോ അഗ്യൂറോയെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ ഒരുങ്ങുന്നത്. ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന അഗ്യൂറോയെ ടീമിലെത്തിക്കാൻ വലിയ പണച്ചിലവില്ലെന്നതും അത് മെസിയെ ടീമിൽ നിലനിർത്താൻ സഹായിക്കുമെന്നും ലപോർട്ട അടക്കമുള്ളവർ കണക്കു കൂട്ടുന്നു.

അഗ്യൂറോയെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ വേണ്ടിയുള്ള ഓഫർ ബാഴ്‌സലോണ ഇപ്പോഴേ നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെസിക്കൊപ്പം ദേശീയ ടീമിൽ നിരവധി മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുള്ള അഗ്യൂറോ ക്ലബ് തലത്തിലും ഒരുമിക്കാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അഗ്യൂറോ ഈ ഓഫർ സ്വീകരിക്കുമെന്നും അത് വഴി മെസിയും പുതിയ കരാർ ഒപ്പിടുമെന്നും ബാഴ്‌സ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു.

മുപ്പത്തിരണ്ടുകാരനായ അഗ്യൂറോ പരിക്ക് മൂലം ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. 2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും 40 മില്യൺ യൂറോക്ക് സ്വന്തമാക്കിയതിന് ശേഷം സിറ്റിയുടെ ഇതിഹാസതാരമായി മാറിയ അർജന്റീനിയൻ സ്‌ട്രൈക്കർക്ക് പുതിയ കരാർ നൽകുന്ന കാര്യത്തിൽ ക്ലബ് നേതൃത്വം ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നതിനാൽ താരം ബാഴ്‌സയുടെ ഓഫർ സ്വീകരിക്കാൻ തന്നെയാണ് സാധ്യത.

facebooktwitterreddit