ബാഴ്സലോണക്ക് വീണ്ടും ദയനീയ പരാജയം, ബെൻഫിക്കയോടു തോറ്റത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്


പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയോട് എതിരില്ലാത്ത മൂന്നു ഗോളുകളുടെ കനത്ത തോൽവിയേറ്റു വാങ്ങിയ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ പരുങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ ബയേൺ മ്യൂണിക്കിനോടു എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് അതെ സ്കോറിന് രണ്ടാമത്തെ മത്സരവും ബാഴ്സ പരാജയപ്പെട്ടത്. ഇതോടെ ക്ലബിന്റെ നോക്ക്ഔട്ട് സാധ്യതകൾ തന്നെ ആശങ്കയിലായിരിക്കയാണ്.
ബെൻഫിക്കയുടെ മൈതാനത്തു വെച്ചു നടന്ന മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ബാഴ്സലോണ ഗോൾ വഴങ്ങി. ബാഴ്സ താരങ്ങളുടെ പിഴവിൽ നിന്നും പന്തു ലഭിച്ചതിനു ശേഷം ബെൻഫിക്ക നടത്തിയ മുന്നേറ്റത്തിനൊടുവിൽ യുറുഗ്വായ് താരം ഡാർവിൻ നുനസാണ് വല കുലുക്കിയത്. അതിനു ശേഷം തിരിച്ചു വരവിനായി ബാഴ്സ നടത്തിയ ശ്രമങ്ങളിൽ രണ്ടു മികച്ച അവസരങ്ങൾ ലൂക്ക് ഡി ജോംഗ് പാഴാക്കുകയും ചെയ്തു.
MD1: Barcelona 0-3 Bayern Munich
— Goal (@goal) September 29, 2021
MD2: Benfica 3-0 Barcelona
Bottom of Champions League Group E. pic.twitter.com/emiAcHt5IE
രണ്ടാം പകുതിയിൽ ബെൻഫിക്ക ആക്രമണങ്ങളെ ഒന്നുകൂടി കടുപ്പിച്ചപ്പോൾ ബാഴ്സലോണ മുന്നേറ്റങ്ങൾ തളർന്നു തുടങ്ങി. നിരന്തരം ബാഴ്സ ബോക്സിലെത്തിയ മുന്നേറ്റങ്ങൾക്ക് ഫലമുണ്ടായത് അറുപത്തിയൊമ്പതാം മിനുട്ടിലാണ്. ബെൻഫിക്ക താരങ്ങൾ ഒന്നടങ്കം ഇരച്ചെത്തിയ മുന്നേറ്റത്തിനൊടുവിൽ പോർച്ചുഗീസ് താരം റാഫ സിൽവ രണ്ടാമത്തെ ഗോൾ കുറിച്ചു.
എഴുപത്തിയൊമ്പതാം മിനുട്ടിലാണ് ഡാർവിൻ നുനസ് ബാഴ്സലോണക്ക് മൂന്നാമത്തെ പ്രഹരം നൽകുന്നത്. ബോക്സിനുള്ളിൽ വെച്ച് ഡെസ്റ്റ് പന്തു കൈ കൊണ്ടു തൊട്ടതിനു റഫറി നൽകിയ പെനാൽറ്റിയിലൂടെയായിരുന്നു യുറുഗ്വായ് താരത്തിന്റെ രണ്ടാം ഗോൾ. അതിനു പിന്നാലെ ചുവപ്പ് കാർഡ് കണ്ട് എറിക് ഗാർസിയ പുറത്തു പോവുകയും ചെയ്തതോടെ ബാഴ്സയുടെ തകർച്ച പൂർണമായി.