Football in Malayalam

ബയേണിനോട് കനത്ത തോൽവി, ചരിത്രത്തിൽ ആദ്യമായി ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കും

Sreejith N
FC Bayern München v FC Barcelona: Group E - UEFA Champions League
FC Bayern München v FC Barcelona: Group E - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ബയേൺ മ്യൂണിക്കുമായി നടന്ന മത്സരത്തിൽ തോൽവി വഴങ്ങി ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്. അവസാന പതിനാറിലെത്താൻ വിജയം അനിവാര്യമായിരുന്ന ബാഴ്‌സലോണ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വഴങ്ങുകയും മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക ഡൈനാമോ കീവിനെ തോൽപ്പിക്കുകയും ചെയ്‌തതോടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായ ബാഴ്‌സ ഇനി യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരും.

ആദ്യപകുതിയിൽ തന്നെ ചിത്രം വ്യക്തമായിരുന്നു. വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബാഴ്‌സലോണ ബയേണിന്റെ മൈതാനത്ത് മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ പതറിയപ്പോൾ ബയേൺ മ്യൂണിക്ക് തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയും മുപ്പത്തിനാലാം മിനുട്ടിൽ തോമസ് മുള്ളറിലൂടെ മുന്നിലെത്തുകയും ചെയ്‌തു. അതിനു പിന്നാലെ നാൽപത്തിമൂന്നാം മിനുട്ടിൽ സാനെയുടെ ലോങ്ങ് റേഞ്ചർ കൂടി ഗോളായി മാറിയതോടെ വിജയമെന്ന ബാഴ്‌സയുടെ പ്രതീക്ഷകൾ അസ്‌തമിച്ചു.

ജോർദി ആൽബ ആദ്യപകുതിയിൽ പരിക്കേറ്റു പുറത്തു പോയതിനെ തുടർന്ന് ഒരു പ്രോപ്പർ ലെഫ്റ്റ് ബാക്കില്ലാതെ കളിച്ച ബാഴ്‌സക്ക് രണ്ടാം പകുതിയിലും ഒരു ചലനവും സൃഷ്‌ടിക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം ബാഴ്‌സ പ്രതിരോധത്തെ നോക്കുകുത്തികളാക്കി മുസിയാല അറുപത്തിമൂന്നാം മിനുട്ടിൽ ബയേണിന്റെ ലീഡുയർത്തി. ഇതോടെ പൂർണമായും മത്സരം കൈവിട്ട ബാഴ്‌സലോണക്ക് പിന്നീടൊരു തിരിച്ചു വരവിനും സാധ്യതയില്ലായിരുന്നു.

യൂറോപ്പ ലീഗ് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ബാഴ്‌സലോണ പ്രസ്‌തുത ടൂർണമെന്റിൽ കളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്. ലയണൽ മെസിയടക്കമുള്ള താരങ്ങളുടെ ക്ലബ് വിടലും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ഈ സീസണിൽ പതറുന്ന ബാഴ്‌സലോണ സംബന്ധിച്ച് ഏറ്റവും നിരാശപ്പെടുത്തുന്ന ഒന്നാണ് ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകൽ എന്നതിനൊപ്പം ടീമിനെ അഴിച്ചു പണിയാനുള്ള അവരുടെ പദ്ധതികളെയും അതു പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളംഎന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit