ലിവർപൂൾ സൂപ്പർ താരത്തെ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള നീക്കവുമായി എഫ് സി ബാഴ്സലോണ

തങ്ങളുടെ മുൻ താരവും നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ കളിക്കാരനുമായ തിയാഗോ അൽകാൻട്രയെ ക്ലബ്ബിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള നീക്കങ്ങൾ സ്പാനിഷ് വമ്പന്മാരായ എഫ് സി ബാഴ്സലോണ ആരംഭിച്ചതായി സൂചന. റൊണാൾഡ് കൂമാന് പകരം ക്ലബ്ബിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവി ഹെർണാണ്ടസ് തിയാഗോയെ ബാഴ്സലോണയിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ താല്പര്യം മുൻനിർത്തിയാണ് ക്ലബ്ബും ഈ നീക്കത്തിന് മുൻ കൈയ്യെടുക്കുന്നതെന്നുമാണ് റിപ്പോർട്ട്. പോർച്ചുഗീസ് ജേണലിസ്റ്റായ പെഡ്രോ അൽമെയ്ഡയുടെ വാക്കുകളെ ഉദ്ധരിച്ച് ലിവർപൂൾ എക്കോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2009 മുതൽ 2013 വരെ ബാഴ്സലോണയിൽ സാവിക്കൊപ്പം കളിച്ചിരുന്ന തിയാഗോ, 11 ഗോളുകളും ക്ലബ്ബിനായി സ്കോർ ചെയ്തിരുന്നു. തന്റെ ഈ മുൻ സഹതാരത്തെ ക്ലബ്ബിലേക്ക് തിരികെയെത്തിക്കാൻ താല്പര്യപ്പെടുന്ന സാവി, ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ ക്ലബ്ബിന്റെ പ്രസിഡന്റായ ജോവൻ ലപ്പോർട്ടയുമായി ചർച്ചകൾ നടത്തിയെന്നും സൂചനകളുണ്ട്.
കഴിഞ്ഞ വർഷം ജെർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൽ നിന്ന് ലിവർപൂളിലെത്തിയ ഈ മുപ്പതുകാരൻ, നാല് വർഷ കരാറായിരുന്നു ചെമ്പടയുമായി ഒപ്പുവെച്ചത്. ഈ കരാറിൽ ഇനിയും രണ്ട് വർഷത്തിലധികം ബാക്കി നിൽക്കുന്നതിനാൽ അദ്ദേഹത്തെ സ്വന്തമാക്കുന്നത് ബാഴ്സലോണക്ക് അത്രയെളുപ്പമാവില്ല.
ബാഴ്സലോണക്കൊപ്പമുണ്ടായിരുന്ന സമയത്ത് ക്ലബ്ബിനൊപ്പം 4 ലാലീഗ കിരീടങ്ങളും, 2 വീതം സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവ നേടിയ തിയാഗോ വ്യത്യസ്ത പൊസിഷനുകളിൽ ഒരേ മികവോടെ കളിക്കാൻ മികവുള്ള താരമാണ്. സെൻട്രൽ മിഡ്ഫീൽഡറാണെങ്കിലും, അറ്റാക്കിംഗ് മിഡ്ഫീൽഡറായും, ഡിഫൻസീവ് മിഡ്ഫീൽഡറായും തിളങ്ങാൻ അദ്ദേഹത്തിന് കെൽപ്പുണ്ട്. ഇതും സാവിയെ അദ്ദേഹത്തിലേക്ക് കൂടുതൽ ആകർഷിക്കാൻ കാരണമായെന്നാണ് കരുതപ്പെടുന്നത്.