Football in Malayalam

ബാഴ്‌സയുടേത് സമ്മർദ്ദതന്ത്രമോ? മെസി ക്ലബിനൊപ്പം തുടരാൻ സാധ്യതയുണ്ടോ? അറിയേണ്ടതെല്ലാം...

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

ലയണൽ മെസിയെ വീണ്ടും ക്ലബിന്റെ ഭാഗമാക്കാൻ കഴിയില്ലെന്നു ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഫുട്ബോൾ ആരാധകരിൽ തെല്ലൊന്നുമല്ല ഞെട്ടലുണ്ടാക്കിയത്. ക്ലബുമായി കരാർ ഒപ്പിടാനുള്ള എല്ലാ നീക്കങ്ങളും മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് ലാ ലീഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം മെസിക്ക് പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബാഴ്‌സ സ്ഥിരീകരിച്ചത്. മെസി ബാഴ്‌സ വിടില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നിരവധിപ്പേർക്ക് കനത്ത തിരിച്ചടിയായിരുന്നു ഈ പ്രഖ്യാപനം.

മെസി ബാഴ്‌സലോണ വിടുന്നുവെന്ന വാർത്ത ഫുട്ബോൾ ലോകത്ത് പടർന്നു പിടിക്കുന്നതിനിടെ ബാഴ്‌സയുടെ പ്രഖ്യാപനം ഒരു സമ്മർദ്ദതന്ത്രം മാത്രമാണെന്നതിന്റെ സൂചനകളും പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ലാ ലിഗ നേതൃത്വം ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ അയവു വരുത്തുന്നതിനു വേണ്ടിയാണ് ബാഴ്‌സലോണ ഇത്തരമൊരു പ്രസ്‌താവന നടത്തിയതെന്ന് സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ ജേണലിസ്റ്റായ ടോണി ജുവാൻമാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ റിപ്പോർട്ടു ചെയ്‌തിരുന്നു.

ഇഎസ്‌പിഎൻ, ബിടി സ്‌പോർട്, ആർഎംസി സ്‌പോർട് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ലോറൻസ് ജൂലിയനും സമാനമായ അഭിപ്രായമാണ് നടത്തിയത്. പിഎസ്‌ജിക്ക് മെസിയെ സൈൻ ചെയ്യാൻ കഴിയുമെങ്കിലും താരം ബാഴ്‌സയിൽ തന്നെ തുടരാൻ ഇപ്പോഴും സാധ്യതയുണ്ടെന്നും ലാ ലിഗയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടനെ തന്നെ പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗുമായി ബന്ധപ്പെട്ടു വരുന്ന വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്നായ മെസിയെപ്പോലൊരു താരത്തെ വിട്ടുകൊടുക്കാൻ ലാ ലിഗ നേതൃത്വം തയ്യാറാവാൻ വളരെ സാധ്യത കുറവാണ്. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധി ലീഗുകളെ കാര്യമായി തന്നെ ബാധിച്ച ഈ കാലഘട്ടത്തിൽ. അതുകൊണ്ടു തന്നെ മെസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ലാ ലിഗ നേതൃത്വം അടുത്ത ദിവസങ്ങളിൽ പരിഹരിക്കുമെന്ന് നിരവധിപേർ ഉറച്ചു വിശ്വസിക്കുന്നു.

അതേസമയം ഈ റിപ്പോർട്ടുകളെ തള്ളിക്കളയുന്ന വാർത്തകളും സ്പെയിനിൽ നിന്നും വരുന്നുണ്ട്. മെസി ക്ലബ് വിട്ട പ്രഖ്യാപനം ഒരു തന്ത്രമല്ലെന്നാണ് ക്ലബുമായി അടുത്ത ബന്ധമുള്ള ഒരു സോഴ്‌സിനെ അടിസ്ഥാനമാക്കി എൽ ലാർജുവെരോ റിപ്പോർട്ടു ചെയ്യുന്നത്. എന്നാൽ മെസി ക്ലബ് വിടുന്നതിനോട് ബാഴ്‌സലോണയിലെ മറ്റു താരങ്ങളൊന്നും പ്രതികരിച്ചിട്ടില്ലെന്നത് ഇതു ക്ലബിന്റെ തന്ത്രമാണെന്ന വാർത്തകൾക്കു ബലം പകരുന്നതാണ്.

ഓഗസ്റ് പകുതിയോടെ യൂറോപ്പിൽ വിവിധ ലീഗുകൾ ആരംഭിക്കാനിരിക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത്. മെസി, ബാഴ്‌സലോണ ആരാധകർക്ക് ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ നിലനിൽക്കുന്നുണ്ടെങ്കിലും ഏതാനും ദിവസങ്ങൾക്കു ശേഷമേ ഇതിനു പരിഹാരമുണ്ടാകൂവെന്നു തീർച്ചയാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit