ഫ്രാങ്കീ ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ 95 ശതമാനം സാധ്യത


നെതർലൻഡ്സ് മധ്യനിര താരമായ ഫ്രാങ്കീ ഡി ജോംഗിനെ ബാഴ്സലോണ സമ്മറിൽ വിൽക്കാനുള്ള സാധ്യതകൾ വർധിക്കുന്നു. പ്രമുഖ സ്പാനിഷ് ജേർണലിസ്റ്റായ ജെറാർഡ് റൊമേരോയുടെ റിപ്പോർട്ടുകൾ പ്രകാരം ഡി ജോംഗ് ബാഴ്സലോണയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനുള്ള സാധ്യത 95 ശതമാനമാണ്.
എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി അടുത്ത സീസണിൽ എത്തുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ തന്നെ ഡി ജോംഗുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായി വന്നിരുന്നു. ബാഴ്സലോണ പരിശീലകൻ സാവിയും താരവും ഇതെല്ലാം നിഷേധിച്ചെങ്കിലും അത് യാഥാർഥ്യമാകുന്ന ലക്ഷണമാണ് ഇപ്പോൾ കാണുന്നത്.
BREAKING: Frenkie De Jong to Manchester United will be done THIS month for €70-80M.
— Footy Accumulators (@FootyAccums) May 11, 2022
[Gerard Romero]
Romero is very decent for Barca news so it could very well be true that ten Hag has made his first big move as United manager! pic.twitter.com/zMoegAs4U2
റൊമേരോയുടെ തന്നെ റിപ്പോർട്ടുകൾ പ്രകാരം പ്രതീക്ഷക്ക് അനുസരിച്ച പ്രകടനം ഇതുവരെ നടത്തിയിട്ടില്ലാത്ത ഫ്രാങ്കീ ഡി ജോംഗ് അടുത്ത സീസണിൽ മികച്ച കളി കാഴ്ച്ച വെക്കുമെന്ന കാര്യത്തിൽ ബാഴ്സ നേതൃത്വത്തിന് യാതൊരു ഉറപ്പുമില്ല. അങ്ങിനെ സംഭവിച്ചാൽ താരത്തിന്റെ മൂല്യം കുറയാനും അത് ബാഴ്സക്ക് നഷ്ടം വരാനും കാരണമാകും.
സാമ്പത്തികപരമായ കാരണങ്ങളും ഡി ജോംഗിനെ വിൽക്കാൻ ബാഴ്സലോണയെ പ്രേരിപ്പിക്കുന്നുണ്ട്. അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ ബാഴ്സലോണക്ക് പണം വേണമെങ്കിൽ നിലവിൽ ടീമിലുള്ള താരങ്ങളെ ഒഴിവാക്കിയേ തീരൂ. ഡി ജോംഗിനെ വിറ്റാൽ എൺപതു മില്യൺ യൂറോയോളം ബാഴ്സക്കു നേടാൻ കഴിയും.
അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തുന്ന എറിക് ടെൻ ഹാഗ് ഡി ജോംഗിനെ വേണമെന്ന് ക്ലബിനോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ക്ലബിന്റെ ഭാവിയായി എപ്പോഴും ചൂണ്ടിക്കാട്ടുന്ന താരത്തെ വിട്ടുകൊടുക്കാൻ സാവി സമ്മതം മൂളുമോയെന്നാണ് അറിയേണ്ടത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.