FC Barcelona News

റഫിന്യ ബാഴ്‌സലോണയിലേക്ക്, ലീഡ്‌സുമായി ട്രാൻസ്‌ഫർ ധാരണയിലെത്തി

Sreejith N
Barcelona Leeds Reach Transfer Agreement For Raphinha
Barcelona Leeds Reach Transfer Agreement For Raphinha / Stu Forster/GettyImages
facebooktwitterreddit

ബ്രസീലിയൻ മുന്നേറ്റനിര താരമായ റഫിന്യയെ സ്വന്തമാക്കാൻ ലീഡ്‌സ് യുണൈറ്റഡും ബാഴ്‌സലോണയും തമ്മിൽ കരാർ ധാരണയിലെത്തി. ഗോൾ ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. 65 മില്യൺ പൗണ്ട് നൽകിയാണ് റഫിന്യയെ ബാഴ്‌സലോണ സ്വന്തമാക്കുന്നത്.

താരത്തിനായി അന്പത്തിയഞ്ചു മില്യൺ യൂറോ ആദ്യം നൽകുന്ന ബാഴ്‌സലോണ പത്തു മില്യൺ യൂറോ ആഡ് ഓണുകളുടെ രൂപത്തിലാണ് കരാറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2027 വരെ കരാർ ഒപ്പിടുന്ന റഫിന്യ ഇന്നു തന്നെ മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി കാറ്റലൻ ക്ലബിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാഴ്‌സയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്ന റഫിന്യക്ക് വേണ്ടി ഞായറാഴ്‌ച മുതൽ കാറ്റലൻ ക്ലബ് ചർച്ചകൾ നടത്തിയിരുന്നു. താരത്തിനു വേണ്ടി നൽകേണ്ട ട്രാൻസ്‌ഫർ തുകയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്താത്തതിനെ തുടർന്നാണ് ചർച്ചകൾ നീണ്ടു പോയതെങ്കിലും കഴിഞ്ഞ ദിവസം ബാഴ്‌സലോണ മുന്നോട്ടു വെച്ച ഓഫർ ലീഡ്‌സ് സ്വീകരിക്കുകയായിരുന്നു.

റഫിന്യക്കായി തുടക്കം മുതൽ തന്നെ രംഗത്തുണ്ടായിരുന്ന ചെൽസിയെ പിന്തള്ളിയാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കിയത്. മുൻ ബാഴ്‌സലോണ താരവും റഫിന്യയുടെ ഏജന്റുമായ ഡെക്കോയും താരത്തിന്റെ ട്രാൻസ്‌ഫറിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ലീഡ്‌സിൽ നിലവിൽ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി പ്രതിഫലം റഫിന്യക്കു ബാഴ്‌സയിൽ നേടാൻ കഴിയും.

2020ൽ റെന്നസിൽ നിന്നും ലീഡ്‌സ് യുണൈറ്റഡിലെത്തിയ റഫിന്യ ക്ലബിനായി 67 മത്സരങ്ങൾ കളിച്ച് 17 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീൽ ദേശീയ ടീമിന്റെയും പ്രധാന താരമായ റഫിന്യയെ സ്വന്തമാക്കുന്നതിലൂടെ ഈ സമ്മറിലെ പ്രധാന ട്രാൻസ്‌ഫർ ലക്ഷ്യത്തെയാണ് ബാഴ്‌സലോണ ടീമിലെത്തിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit