ബാഴ്സലോണയെ അഴിച്ചു പണിയാനൊരുങ്ങി സാവി; ചെൽസിയുടെ മൂന്ന് താരങ്ങൾ ക്ലബ്ബിന്റെ റഡാറിൽ

By Gokul Manthara
Sevilla v Chelsea - UEFA Champions League
Sevilla v Chelsea - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവി ഹെർണാണ്ടസ് ടീമിനെ അഴിച്ചു പണിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വെറ്ററൻ പ്രതിരോധ താരം ഡാനി ആൽവസിനെ ക്ലബ്ബിലെത്തിച്ചു കഴിഞ്ഞ അദ്ദേഹം വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലേക്ക് കൊണ്ടു വരാൻ സാധിക്കുന്ന ചില ‌താരങ്ങളെ നോട്ടമിട്ടതായും, ഇതിൽ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയുടെ മൂന്ന് കളിക്കാരുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

ഇക്കുറി ചെൽസിയിൽ കളി സമയം കുറഞ്ഞ ക്രിസ്റ്റ്യൻ പുലിസിച്ച്, ഹക്കിം സിയെച്ച്, കാല്ലും ഹഡ്സൺ ഒഡോയി എന്നീ താരങ്ങളെ ബാഴ്സലോണ നോട്ടമിട്ടിരിക്കുന്നതായാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്. ഈ 3 ഈ താരങ്ങളേയും വിന്ററിൽ, ലോണടിസ്ഥാനത്തിൽ സ്വന്തമാക്കാൻ മികച്ച സാധ്യതയുണ്ടെന്നാണ് കാറ്റലൻ ക്ലബ്ബ് വിശ്വസിക്കുന്നത്. ഇത് കൊണ്ടു തന്നെ ജനുവരിയിൽ ഇവർക്ക് വേണ്ടി അവർ ശക്തമായി രംഗത്തുണ്ടാകാനാണ് സാധ്യത.

ഈ മൂന്ന് ചെൽസി താരങ്ങളിൽ പുലിസിച്ചിന്റെ പേരാണ് ബാഴ്സലോണയിലെത്താൻ കൂടുതൽ സാധ്യതയുള്ളതായി പറഞ്ഞു കേൾക്കുന്നത്. ഈ സീസണിൽ കളി‌ സമയം വല്ലാതെ കുറഞ്ഞ പുലിസിച്ച്, കൂടുതൽ കളി സമയത്തിനായി ബാഴ്സലോണയിലേക്ക് വരാൻ താല്പര്യം കാണിച്ചേക്കാം. മാത്രമല്ല യു എസ് ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായ സെർജിനോ ഡെസ്റ്റുമായി ഒരുമിച്ച് കളിക്കാമെന്നതും ബാഴ്സയിലേക്ക് വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കും.

മൊറോക്കൻ താരമായ സിയെച്ച് ഈ സീസണിൽ 10 മത്സരങ്ങളിൽ ചെൽസിക്കായി കളിക്കാനിറങ്ങിയെങ്കിലും ആകെ 567 മിനുറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ ലഭിച്ചത്. നേരത്തെയും കാറ്റലൻ ക്ലബ്ബുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. മുൻപ് അയാക്സിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തെടുത്തിരുന്ന നിലവാരത്തിലേക്ക് തിരിച്ചുവരാൻ സിയെച്ച് ആഗ്രഹിക്കുന്നുണ്ടാകുമെന്നതിനാൽ ബാഴ്സലോണയിലേക്കുള്ള നീക്കം അദ്ദേഹത്തെയും ആകർഷിച്ചേക്കും.

അതേ സമയം, ഇരുപത്തിയൊന്നുവയസുകാരനായ ഹഡ്സൺ ഒഡോയിക്ക് ഇക്കുറി മോശമല്ലാത്ത കളി സമയം ചെൽസിയിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ 2019 മുതൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ലാത്ത അദ്ദേഹം അടുത്ത ലോകകപ്പിന് മുൻപ് സ്വയം തെളിയിക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. അതിനാൽ താരവും ക്ലബ്ബ് മാറാൻ താല്പര്യം കാണിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. മേൽപ്പറഞ്ഞ മൂന്ന് കളിക്കാരുടേയും കാര്യത്തിൽ ലോൺ നീക്കങ്ങൾ നടക്കാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്. ഇത് ബാഴ്സലോണയുടെ ആക്രമണ നിരയെ കൂടുതൽ കരുത്തരാക്കുമെന്നതിനൊപ്പം തങ്ങളുടെ താരങ്ങൾക്ക് കൂടുതൽ പരിചയസമ്പത്ത് നൽകാൻ ചെൽസിയേയും സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit