Football in Malayalam

'ഇതു നിയമ വ്യവസ്ഥക്കെതിരെയുള്ള കടന്നുകയറ്റം' - യുവേഫയുടെ ഭീഷണിയിൽ പതറാതെ ബാഴ്‌സയും റയലും യുവന്റസും

Sreejith N
The Real Madrid, Juventus and Barcelona Club Badges
The Real Madrid, Juventus and Barcelona Club Badges / Visionhaus/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചിട്ടില്ലാത്ത റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകൾക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിച്ച യുവേഫയുടെ തീരുമാനത്തിനെതിരെ സംയുക്ത പ്രസ്‌താവനയുമായി ക്ലബുകൾ രംഗത്ത്. ഫുട്ബോളിന്റെ വളർച്ച മാത്രമാണ് ഈ ക്ലബുകൾ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തിൽ അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുന്നത് നിയമങ്ങൾക്കെതിരായ വെല്ലുവിളിയാണെന്നും ക്ലബുകൾ വ്യക്തമാക്കി. യുവേഫയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്നും സംയുക്ത പ്രസ്‌താവനയിൽ ക്ലബുകൾ പറയുന്നു.

"ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നിങ്ങനെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രസക്തമായ ക്ലബുകൾക്ക് യുവേഫ നിരന്തരം നൽകുന്ന സമ്മർദ്ദത്തോട് കടുത്ത വിയോജിപ്പ് ഞങ്ങൾ രേഖപ്പെടുത്തുന്നു. നിയമപരമായ നടപടികൾ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കെ സൂപ്പർ ലീഗിൽ നിലനിൽക്കുന്ന ക്ലബുകൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കരുതെന്ന് നീതിന്യായ വ്യവസ്ഥ യുവേഫയോട് വ്യക്തമാക്കിയിട്ടും അതിന്റെ ലംഘനമാണ് നടന്നു കൊണ്ടിരിക്കുന്നത്.

"അതുകൊണ്ടു തന്നെ ക്ലബുകൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന യുവേഫയുടെ തീരുമാനം യൂറോപ്യൻ യൂണിയനിലെ ജനങ്ങൾ ജനാധിപത്യപരമായി ഉണ്ടാക്കിയെടുത്തിട്ടുള്ള നീതിന്യായ വ്യവസ്ഥക്കെതിരായ നേരിട്ടുള്ള ആക്രണമവും അതു നടപ്പിലാക്കുന്ന സ്ഥാപനങ്ങളെ ബഹുമാനിക്കാതിരിക്കലും കൂടിയാണ്.

"തുടക്കം മുതൽ തന്നെ യൂറോപ്യൻ ഫുട്ബോളിന്റെ നിലവിലെ സാഹചര്യങ്ങളെ വളർത്തിയെടുക്കുകയെന്ന ഉദ്ദേശമാണ് സൂപ്പർ ലീഗ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യുവേഫയുമായി വേണ്ടത്ര ചർച്ചകൾ നടത്തി ഈ കായിക ഇനത്തിൻറെ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ആരാധകർക്ക് ഏറ്റവും മികച്ച മത്സരങ്ങൾ നൽകുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

"എന്നാൽ ഫുട്ബോളിനെ ആധുനികവൽക്കരിക്കാനുള്ള താൽപര്യങ്ങളെ തുറന്ന ചർച്ചകളിലൂടെ കണ്ടെത്തുന്നതിനു പകരം ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന നിയമനടപടികൾ അടക്കം ഉപേക്ഷിക്കുകയെന്ന ഏകാധിപത്യപരമായ സമീപനമാണ് ഇക്കാര്യത്തിൽ യുവേഫ സ്വീകരിക്കുന്നത്.

"നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒരു തരത്തിലുമുള്ള സമ്മർദ്ദങ്ങളെയും അനാവശ്യ നിബന്ധനകളെയും അംഗീകരിക്കില്ലെന്നു വ്യക്തമാക്കുന്നതിനൊപ്പം ഈ വിഷയത്തിൽ തുറന്നതും, പരസ്പര ബഹുമാനത്തോടു കൂടിയതുമായ ചർച്ചകൾ നടത്താനുള്ള താൽപര്യം അറിയിക്കുകയും ചെയ്യുന്നു. ഇതുപോലെയുള്ള അടിയന്തര പരിഹാരങ്ങളാണ് നിലവിൽ ഫുട്ബോളിൽ വേണ്ടത്.

"ഒന്നുകിൽ നമ്മൾ ഫുട്ബോളിനെ പുതുക്കിപ്പണിയും അതല്ലെങ്കിൽ അതിന്റെ അനിവാര്യമായ പതനം കണ്ടു കൊണ്ടു നിൽക്കേണ്ടി വരും," മൂന്നു ക്ലബുകളും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

സൂപ്പർ ലീഗിൽ നിന്നും പിന്മാറാതെ നിൽക്കുന്ന മൂന്നു ക്ലബുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന യുവേഫയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ക്ലബുകൾ അതിനു മറുപടി നൽകിയിരിക്കുന്നത്. യുവേഫ അച്ചടക്ക നടപടി സ്വീകരിച്ചാൽ ഈ മൂന്നു ക്ലബുകൾക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യതയടക്കം നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.


facebooktwitterreddit