Football in Malayalam

ബാഴ്‌സലോണയുടേത് മാനസിക പ്രശ്‌നങ്ങൾ, ടീമിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമെന്ന് സാവി

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ഫുട്ബോൾ സംബന്ധമായ പ്രതിസന്ധികളേക്കാൾ ബാഴ്‌സലോണ അഭിമുഖീകരിക്കുന്നത് മാനസികമായ പ്രശ്‌നമാണെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായതിനെക്കുറിച്ച് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം സംസാരിക്കുമ്പോഴാണ് സാവി ഇക്കാര്യം വ്യക്തമാക്കിയത്.

"ഫുട്ബോളുമായി ബന്ധപ്പെട്ടതിനേക്കാൾ കൂടുതൽ ഇതൊരു മാനസികമായ പ്രശ്‌നമാണ്. അവരതു മനസിലാക്കണം, അതാണെന്റെ ജോലിയും. ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകാൻ ഞങ്ങളവരെ പ്രചോദിപ്പിക്കുന്നുണ്ട്. ബാഴ്‌സലോണയിൽ പത്തിൽ ആറ്, ഏഴ് എന്ന തലത്തിൽ കളിച്ചാൽ പോരാ. ഏറ്റവും കൂടിയ മികവു തന്നെയാണ് നമ്മൾ ലക്ഷ്യം വെക്കേണ്ടത്."

"ധൈര്യവും ഉയരത്തിലെത്താനുള്ള ആഗ്രഹവുമാണ് നഷ്‌ടമായത്‌. താഴേക്ക് പോവുകയല്ല ബാഴ്‌സലോണ ചെയ്യുന്നത്. സമർത്ഥമായി തുടർന്ന് മത്സരത്തെ മനസിലാക്കുക, ഞങ്ങൾക്ക് വേണ്ടതിൽ നിന്നും വളരെ ദൂരത്തല്ല ടീമിപ്പോൾ നിൽക്കുന്നത്. ഈ സ്‌ക്വാഡിന് കിരീടങ്ങൾ വിജയിക്കാനുള്ള കരുത്തുണ്ട്. ബയേണിനെതിരായ മത്സരത്തിൽ മാനസികമായ തലങ്ങൾ ബാധിച്ചിരുന്നു, കൂടാതെ മുൻപത്തെ ശീലങ്ങൾ നഷ്‌ടമാവുകയും ചെയ്‌തു."

ഒസാസുനക്കെതിരായ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ സാമ്പത്തിക പ്രതിസന്ധികളുടെ ഇടയിലും ടീമിനെ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത സാവി പറഞ്ഞു. "ടീം മെച്ചപ്പെടേണ്ടതുണ്ട്. അതിനുള്ള മാർക്കറ്റും അവസരവും അവിടെയുണ്ട്. ഒരുപാട് ആശയവിനിമയങ്ങളും ഫലമുറപ്പുള്ള കൂടിക്കാഴ്‌ചകളും നടക്കുന്നുണ്ട്. ഞങ്ങൾക്ക് സാമ്പത്തിക പ്രശ്‌നമുണ്ടെന്ന് അറിയാമെങ്കിലും ടീമിനെ മെച്ചപ്പെടുത്തി സ്‌ക്വാഡിനെ കൂടുതൽ മത്സരബുദ്ധി ഉള്ളതാക്കണം."

ബയേണുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവി ഒരു കാലഘട്ടത്തിന്റെ തന്നെ അവസാനമാണെന്നും സാവി പറഞ്ഞു. മൊത്തത്തിൽ ഒരു അഴിച്ചുപണി ആവശ്യമാണെന്നും ടീമിലെ താരങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകി അവരുടെ ആത്മാവും ആത്മാർത്ഥതയും പ്രൊഫെഷണലിസവും എല്ലാം ബാഴ്‌സക്കു വേണ്ടി നൽകാൻ പ്രേരിപ്പിക്കണമെന്നും സാവി വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit