Transfers

ജോർദി ആൽബയോട് മത്സരിക്കാൻ ബാഴ്‌സലോണ നോട്ടമിടുന്നവരിൽ ചെൽസി താരവും

Sreejith N
Barcelona Interested In Chelsea Full Back Marcos Alonso
Barcelona Interested In Chelsea Full Back Marcos Alonso / Pool/GettyImages
facebooktwitterreddit

കഴിഞ്ഞ കുറച്ചു സീസണുകളായി മികച്ചൊരു ബാക്കപ്പ് ഇല്ലാതെയാണ് ജോർദി ആൽബ ബാഴ്‌സലോണയിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ടീമിനായി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് താരത്തെ ചിലപ്പോഴൊക്കെ ബാധിക്കാറുണ്ട്. അടുത്ത സീസണിൽ ഇതിനു പരിഹാരമുണ്ടാക്കൽ ബാഴ്‌സലോണയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.

സ്പെയിനിലും പുറത്തുമായി നിരവധി ലെഫ്റ്റ് ബാക്കുകളെ നോട്ടമിട്ടിരിക്കുന്ന ബാഴ്‌സലോണയുടെ പട്ടികയിൽ ചെൽസിയുടെ സ്‌പാനിഷ്‌ ലെഫ്റ്റ് ബാക്കായ മാർക്കോസ് അലോൻസോയും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം പുറത്തു വിട്ടത്.

മാർക്കോസ് അലോൺസോക്ക് ചെൽസിയോട് ബഹുമാനം ഉണ്ടെങ്കിലും അടുത്ത സീസണിൽ സ്പെയിനിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. മൂന്നോ നാലോ ലെഫ്റ്റ് ബാക്കുകളെ നോട്ടമിട്ടിട്ടുള്ള ബാഴ്‌സലോണ അലോൺസോയുടെ പ്രതിനിധികളോട് ഇതു സംബന്ധിച്ച വിവരങ്ങളും ട്രാൻസ്‌ഫർ ഫീസ് അടക്കമുള്ള കാര്യങ്ങളും അന്വേഷിച്ചുവെന്നും റൊമാനോ ട്വീറ്റ് ചെയ്‌തു.

ബെൻഫിക്കയുടെ ഗ്രിമാൾഡോ, സെൽറ്റ വിഗോയുടെ ഹാവി ഗലാൻ, റയൽ ബെറ്റിസിന്റെ അലക്‌സ് മൊറേനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്‌സ് ടെല്ലസ് എന്നിവരാണ് ബാഴ്‌സ നോട്ടമിട്ടിരിക്കുന്ന മറ്റു പ്രധാന ലെഫ്റ്റ് ബാക്കുകൾ. എന്നാൽ ഈ താരങ്ങളെ അപേക്ഷിച്ച് കൂടുതൽ ചിലവുള്ളതും സങ്കീർണവും ആയിരിക്കും അലോൻസോയെ സ്വന്തമാക്കാൻ എന്നതിൽ സംശയമില്ല.

ഈ വർഷം ബാഴ്‌സലോണ ലക്ഷ്യമിടുന്ന ആദ്യത്തെ ചെൽസി താരമല്ല അലോൺസോ. ഇതിനു മുൻപ് ക്രിസ്റ്റൻസെൻ, റുഡിഗർ, ആസ്പ്ലികുയറ്റ എന്നിവർക്കായി ബാഴ്‌സ ശ്രമം നടത്തിയിരുന്നു. അതിൽ ക്രിസ്റ്റൻസെൻ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്. റുഡിഗർ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ഒരുങ്ങി നിൽക്കുമ്പോൾ ആസ്പ്ലികുയറ്റയുടെ ഭാവിയുടെ കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit