ഹാലൻഡിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്രൂണോ ഫെർണാണ്ടസിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നു

Newcastle United v Manchester United - Premier League
Newcastle United v Manchester United - Premier League / Ian MacNicol/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പ്രധാന ലക്ഷ്യമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ ബ്രൂണോ ഫെർണാണ്ടസിനെ പകരക്കാരനായി ടീമിലെത്തിക്കുന്ന കാര്യം ബാഴ്‌സലോണ പരിഗണിക്കുന്നു. സ്‌പാനിഷ്‌ മാധ്യമമായ എൽ നാഷണലിനെ അടിസ്ഥാനമാക്കി മിറർ പുറത്തുവിട്ട റിപ്പോർട്ടിലാണ് പോർച്ചുഗീസ് താരത്തിൽ ബാഴ്‌സലോണക്ക് താൽപര്യമുണ്ടെന്നു വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായി കളിക്കളത്തിൽ നിറഞ്ഞാടിയെങ്കിലും ഈ സീസണിൽ അതിനു നേരെ വിപരീതമാണ് ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനം. പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ ലീഡ്‌സിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയതിനു ശേഷം പിന്നീടു നടന്ന പതിനാറു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ മാത്രമേ താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ.

വോൾവ്‌സിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസിന് ബെഞ്ചിലായിരുന്നു സ്ഥാനം. ഇതിനു പിന്നാലെ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനൊപ്പമാണ് ബാഴ്‌സലോണക്ക് ബ്രൂണോ ഫെർണാണ്ടസിൽ താൽപര്യമുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നത്.

എൽ നാഷണൽ വെളിപ്പെടുത്തുന്നതു പ്രകാരം ഈ സീസണു ശേഷം 64 മില്യൺ പൗണ്ട് റിലീസിംഗ് ക്ളോസ് നിലവിൽ വരുന്ന എർലിങ് ഹാലൻഡിൽ തന്നെയാണ് ബാഴ്‌സക്ക് താൽപര്യമുള്ളത്. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ബ്രൂണോ ഫെർണാണ്ടസിനു വേണ്ടി ശ്രമം നടത്താനാണു ബാഴ്‌സലോണ ഒരുങ്ങുന്നത്.

2020 ജനുവരിയിലാണ് സ്പോർട്ടിങ് എസ്‌പിയിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്. അതിനു ശേഷം 105 മത്സരങ്ങളിൽ നിന്നും 45 ഗോളുകളും 34 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.