Football in Malayalam

ആഴ്‌സനല്‍ താരം എമെറിക് ഒബമയോങ്ങിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ച് ബാഴ്‌സലോണ

Haroon Rasheed
Manchester United v Arsenal - Premier League
Manchester United v Arsenal - Premier League / Shaun Botterill/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം ആഴ്‌സനല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയ എമെറിക് ഒബമയോങ്ങിനെ ടീമിലെത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ബാഴ്‌സലോണ. ബാഴ്‌സലോണ അവരുടെ മുന്നേറ്റത്തിലേക്ക് പുതിയ താരത്തെ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒബമയോങ്ങിന് വേണ്ടി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ താരത്തിന് നിലവില്‍ നല്‍കുന്ന ശമ്പളം നല്‍കാന്‍ ബാഴ്‌സലോണക്ക് കഴിയാത്ത സ്ഥിതിയാണ്.

അതിനാല്‍ ഇടനിലക്കാരുമായി സംസാരിച്ച് താരത്തെ ടീമിലെത്തിക്കാനുള്ള നീക്കമാണ് ബാഴ്‌സലോണ നടത്തുന്നത്. ഈ ആഴ്ച താരം തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന് നടപടി നേരിട്ടിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയും വെസ്റ്റ് ഹാമിനെതിരേയുള്ള മത്സരത്തില്‍ പുറത്തിരുത്തുകയും ചെയ്തിരുന്നു. പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് സീസണില്‍ 43 മത്സരത്തില്‍ നിന്ന് 14 ഗോളുകള്‍ മാത്രമാണ് ഒബമയോങ്ങിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളു.

ആഴ്‌സനലിലെത്തിയ സമയത്ത് നടത്തിയ പ്രകടനം പുറത്തെടുക്കാന്‍ പിന്നീട് ഒബമയോങ്ങിന് കഴിഞ്ഞിട്ടില്ല. പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയുമായി ബന്ധം വഷളായതിനെ തടുര്‍ന്ന് താരം ക്ലബ് വിടാന്‍ ശ്രമിക്കുകയാണെങ്കില്‍ താരത്തെ സ്വന്തമാക്കാന്‍ ബാഴ്‌സലോണ രംഗത്തുണ്ടെന്ന് ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലയണല്‍ മെസ്സിയും അന്റോയിന്‍ ഗ്രിമാനും ക്ലബ് വിട്ടതിന് ശേഷം മികച്ചൊരു മുന്നേറ്റ താരത്തെ തേടിയുള്ള അലച്ചിലിലാണ് ബാഴ്‌സലോണ.

സിറ്റി താരം സെര്‍ജിയ അഗ്യൂറോയെ ടീമിലെത്തിച്ചിരുന്നെങ്കിലും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ബാഴ്‌സലോണ വീണ്ടും പ്രതിരോധത്തിലായി. പരുക്കേറ്റ മുന്നേറ്റ താരം മാര്‍ട്ടിന്‍ ബ്രാതൈ്വറ്റ് വിശ്രമത്തിലുള്ളതും ബാഴ്‌സക്ക് വലിയ ക്ഷീണമാണ്. അതിനാലാണ് ഒബമയോങ്ങിന് വേണ്ടി ബാഴ്‌സലണ നീക്കങ്ങള്‍ നടത്തുന്നത്. ഒബമയോങ്ങിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എഡിസണ്‍ കവാനിയെ ലോണില്‍ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ ഇപ്പോള്‍ നീക്കം നടത്തുന്നത്.


facebooktwitterreddit