ചെൽസി പ്രതിരോധതാരത്തെ അടുത്ത സമ്മറിൽ സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യത ബാഴ്‌സലോണക്ക്

Tottenham Hotspur v Chelsea - Premier League
Tottenham Hotspur v Chelsea - Premier League / James Williamson - AMA/GettyImages
facebooktwitterreddit

ചെൽസി പ്രതിരോധതാരമായ ആൻഡ്രിയാസ് ക്രിസ്റ്റിൻസെൻ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർധിക്കുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന ഡെന്മാർക്ക് താരവുമായി കോണ്ട്രാക്റ്റ് പുതുക്കാനുള്ള ചർച്ചകൾ ചെൽസി നടത്തുന്നുണ്ടെങ്കിലും അതിനോട് അനുകൂലമായല്ല ക്രിസ്റ്റിൻസെൻ പ്രതികരിച്ചതെന്ന് സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നു.

മുപ്പത്തിനാലുകാരനായ ജെറാർഡ് പിക്വ അവസാന നാളുകളിൽ എത്തിയതും സാമുവൽ ഉംറ്റിറ്റി, ക്ലെമന്റ് ലെങ്ലെറ്റ് എന്നിവർ ക്ലബ് വിടാനുള്ള സാധ്യത വർധിക്കുകയും ചെയ്‌തതോടെ പുതുക്കി പണിയുന്ന ബാഴ്‌സലോണ ഡിഫെൻസിൽ റൊണാൾഡ്‌ അറഹൊക്കൊപ്പം പങ്കാളിയാകാൻ ക്രിസ്റ്റിൻസെനെയാണ് ബാഴ്‌സലോണ പ്രധാനമായും പരിഗണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അലട്ടുന്ന ബാഴ്‌സയെ സംബന്ധിച്ച് ഫ്രീ ട്രാൻസ്‌ഫറിൽ താരത്തെ ടീമിലെത്തിക്കുകയെന്നത് മികച്ചൊരു ഒപ്‌ഷനുമാണ്.

ഇരുപത്തിയഞ്ചുകാരനായ ക്രിസ്റ്റിൻസെനും ബാഴ്‌സയിലേക്ക് ചേക്കേറാൻ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചെൽസിയിൽ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമല്ലാത്ത തനിക്ക് ബാഴ്‌സ പ്രതിരോധത്തിലെ പ്രധാനിയായി മാറാമെന്നാണ് താരം വിശ്വസിക്കുന്നത്. അടുത്തിടെ താരം തന്റെ ഏജന്റിനെ മാറ്റിയതും ഇതിനൊപ്പം ചേർത്തു വായിക്കാവുന്നതാണ്.

ക്രിസ്റ്റിൻസിനെയും ചേർത്ത് അടുത്ത സമ്മറിൽ രണ്ടു ചെൽസി താരങ്ങളെയാണ് ബാഴ്‌സലോണ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന ചെൽസിയുടെ സ്‌പാനിഷ്‌ ഫുൾ ബാക്കായ സെസാർ ആസ്പ്ലികുയറ്റ ബാഴ്‌സയുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന റിപ്പോർട്ടുകൾ ശക്തമാണ്. റുഡിഗർ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനും സാധ്യതയുണ്ടെന്നിരിക്കെ അടുത്ത സീസണിൽ ചെൽസി പ്രതിരോധത്തിൽ വലിയൊരു അഴിച്ചുപണി തന്നെ വേണ്ടി വന്നേക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.