ഒസ്മാനെ ഡെംബലെ ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തിൽ ബാഴ്സലോണയുടെ പ്രതീക്ഷകൾ വർധിക്കുന്നു


ഈ സീസണോടെ ബാഴ്സലോണ കരാർ അവസാനിക്കുന്ന ഒസ്മാനെ ഡെംബലെ അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തിൽ ബാഴ്സലോണയുടെ പ്രതീക്ഷകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ഡെംബലെയുടെ മുൻ സഹതാരമായ പിയറി എമറിക്ക് ഒബാമയാങ്ങിനെ ബാഴ്സ ടീമിലെത്തിച്ചത് ഇക്കാര്യത്തിൽ വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നാണ് സ്പോർട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കരാർ അവസാനിക്കാനിരിക്കുന്ന ഡെംബലെയോട് ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ക്ലബ് വിടണമെന്നും അതല്ലെങ്കിൽ പിന്നീട് ബാഴ്സലോണ ജേഴ്സി അണിയാൻ കഴിയില്ലെന്നും അന്ത്യശാസനം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ജനുവരി ജാലകത്തിൽ ക്ലബ് വിടാതെ ബാഴ്സലോണക്കൊപ്പം തന്നെ തുടരുകയാണ് ഡെംബലെ ചെയ്തത്.
Will the signing of Aubameyang be enough to keep Ousmane Dembele at Barcelona? pic.twitter.com/4fDmd877P7
— 90min (@90min_Football) February 22, 2022
ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മിനുട്ടുകളിലാണ് പിയറി എമറിക്ക് ഓബൗമയങ്ങിനെ ബാഴ്സ സ്വന്തമാക്കിയത്. ബൊറൂസിയ ഡോർട്മുണ്ടിൽ മുൻപ് ഒരുമിച്ചു കളിച്ചിട്ടുള്ള താരം എത്തിയതോടെ ഡെംബലെയുടെ മനോഭാവത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. വളരെ പ്രസന്നവദനനായ താരം ഓബൗമയാങ്ങിന്റെ ഹാട്രിക്കിൽ ബാഴ്സ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും ഒരു അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഡെംബലെയുമായി കരാർ ചർച്ചകൾ വീണ്ടും ആരംഭിക്കാൻ ബാഴ്സ തയ്യാറാണെങ്കിലും നേരത്തെ മുന്നോട്ടു വെച്ച ഓഫർ നൽകാൻ ക്ലബ് പ്രസിഡന്റായ ലപോർട്ട തയ്യാറാവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യാതൊരു ക്ലബുമായും മുൻകൂർ കരാർ ഒപ്പിട്ടിട്ടില്ലാത്ത ഡെംബലെയെ വെച്ച് അടുത്ത സമ്മറിൽ ഒരു വിലപേശലിന് ഏജന്റ് ഒരുങ്ങുമ്പോൾ താരത്തെ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാഴ്സലോണ നേതൃത്വം.
ഡെംബലെ ക്ലബിനൊപ്പം തുടരുമോയെന്ന ചോദ്യത്തിന് അസാധ്യമായി യാതൊന്നുമില്ലെന്ന മറുപടി നൽകിയ ഒബാമയാങ്ങും താരം തുടരുമെന്ന പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. ഇനി ബാഴ്സലോണ ജേഴ്സിയിൽ ഇറക്കാൻ കഴിയില്ലെന്ന തീരുമാനം ഉണ്ടായിട്ടും താരത്തെ ടീമിലേക്ക് പരിഗണിക്കുന്ന സാവിയുടെ ഇടപെടലുകളും ഇതിനെ സഹായിക്കാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.