Football in Malayalam

മെസിയില്ലെങ്കിലും ബാഴ്‌സക്ക് മുന്നോട്ടു പോയേ മതിയാകൂ, യുവന്റസിനെതിരായ വിജയത്തിനു ശേഷം കൂമാൻ

Sreejith N
FC Barcelona  v Juventus - Joan Gamper Trophy
FC Barcelona v Juventus - Joan Gamper Trophy / Eric Alonso/Getty Images
facebooktwitterreddit

ടീമിന്റെ നായകനും പ്രധാന താരവുമായ ലയണൽ മെസി ക്ലബ് വിട്ടെങ്കിലും ബാഴ്‌സലോണക്ക് മുന്നോട്ടു പോയേ മതിയാകൂ എന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. ഇന്നലെ ബാഴ്‌സയുടെ മൈതാനത്തു വെച്ചു നടന്ന ഗാമ്പർ ട്രോഫിയിൽ ഇറ്റാലിയൻ ക്ലബായ യുവന്റസിനെതിരെ മെസിയുടെ അഭാവത്തിലും ബാഴ്‌സലോണ നേടിയ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

"മെസിയെപ്പോലൊരു താരം ക്ലബ് വിടുമ്പോൾ എല്ലാവർക്കും അതിൽ ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തെ മറികടക്കാൻ കഴിയില്ലെന്നതു കൊണ്ടു തന്നെ ഞങ്ങൾക്ക് മുന്നോട്ടു പോയേ മതിയാകൂ."

"ഞങ്ങൾക്കു നല്ല രീതിയിൽ കളിക്കണം, വിജയിക്കണം, കൂടുതൽ കഠിനാധ്വാനം ചെയ്യണം. മെസിയുടെ പൊസിഷനിൽ കളിക്കാനും ടീമിന്റെ പ്രധാന താരമായി മാറാനും കഴിയുന്ന മറ്റു താരങ്ങളുണ്ട്. ലിയോ ഞങ്ങൾക്കൊപ്പമില്ല, അതു മനസിലാക്കി ഞങ്ങൾക്ക് മുന്നോട്ടു പോകേണ്ടതുണ്ട്," കൂമാൻ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത സീസണിലേക്ക് കടക്കുന്നതിനു മുൻപ് ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷയും ഡച്ച് പരിശീലകൻ നൽകി. "ഞങ്ങൾ മെംഫിസ് ഡീപേയെ സ്വന്തമാക്കി, താരത്തിന് ടീമിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞു.

"മധ്യനിര താരങ്ങൾ കൂടുതൽ ഗോളുകൾ നേടുകയും സ്‌ക്വാഡ് മെച്ചപ്പെടുകയും ചെയ്യണം. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ അഭാവം ടീമിനുണ്ടാകും. എന്നാൽ അതുൾക്കൊണ്ട് ജോലി ചെയ്യണം. പഴയ കാര്യങ്ങളിൽ അഭിരമിച്ചിട്ട് കാര്യമില്ല, ഈ ടീമിൽ വളരെയധികം പ്രത്യാശയുണ്ട്," കൂമാൻ വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit