കൂണ്ടെയെയും ടീമിലെത്തിക്കാനാവും, പദ്ധതിയാവിഷ്‌കരിച്ച് ബാഴ്‌സലോണ
By Sreejith N

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നാല് താരങ്ങളെ ടീമിന്റെ ഭാഗമാക്കിയ ബാഴ്‌സലോണ പുതിയ സൈനിങിനൊരുങ്ങുന്നു. സെവിയ്യ പ്രതിരോധതാരം ജൂൾസ് കൂണ്ടെയെയാണ് ബാഴ്‌സലോണ അടുത്തതായി ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. ഇരുപത്തിമൂന്നു വയസുള്ള താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ ബാഴ്‌സലോണക്കുണ്ടെന്ന് സ്പോർട്ട് വെളിപ്പെടുത്തുന്നു.
സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും കൂണ്ടെയെ സ്വന്തമാക്കാനുള്ള പദ്ധതികൾ ബാഴ്‌സലോണ ആവിഷ്‌കരിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂണ്ടെക്കു വേണ്ടി സെവിയ്യ ആവശ്യപ്പെടുന്ന തുക മുഴുവൻ നൽകാനാവില്ല എന്നിരിക്കെ ടീമിലുള്ള ഏതെങ്കിലും താരത്തെ ട്രാൻസ്‌ഫർ ഡീലിൽ ഉൾപ്പെടുത്താനാണ് ബാഴ്‌സ ഒരുങ്ങുന്നത്.
ഫ്രഞ്ച് പ്രതിരോധതാരത്തിനായി അറുപത്തിയഞ്ച് മില്യൺ യൂറോയെങ്കിലും ട്രാൻസ്‌ഫർ ഫീസായി വേണമെന്നാണ് സെവിയ്യ ആവശ്യപ്പെടുന്നത്. എന്നാൽ ഈ തുക മുഴുവനായും നൽകാൻ ബാഴ്‌സലോണ തയ്യാറല്ല. പകരം ഒരു നിശ്ചിത തുകയും അബ്ദെ, നിക്കോ ഗോൺസാലസ് എന്നിവരിൽ ഒരാളെയും നൽകാമെന്നാണ് ബാഴ്‌സലോണയുടെ വാഗ്‌ദാനം.
നേരത്തെ മെംഫിസ് ഡീപേയെ കൂണ്ടെ ട്രാൻസ്‌ഫറിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ബാഴ്‌സ നടത്തിയിരുന്നു. എന്നാൽ താരത്തിന്റെ പ്രതിഫലം വളരെയധികമാണെന്നതും മെംഫിസിനു ബാഴ്‌സലോണ വിടാൻ താൽപര്യമില്ലെന്നതും അതിനു തടസമായി. ഇതേത്തുടർന്നാണ് മറ്റു താരങ്ങളെ പകരം നൽകുന്ന കാര്യം ബാഴ്‌സ പരിഗണിക്കുന്നത്.
കൂണ്ടെയുടെ ഏജന്റായ ജോർജ് മെൻഡസ് ബാഴ്‌സയുമായും സെവിയ്യയുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. ബാഴ്‌സലോണ 40 മുതൽ 45 വരെ മില്യൺ യൂറോയും ഒരു താരത്തെയും നൽകിയുള്ള കരാറാണ് പരിഗണിക്കുന്നത്. ഇതിനു സെവിയ്യ സമ്മതം മൂളാൻ നിരവധി ചർച്ചകൾ വേണ്ടി വരുമെങ്കിലും ട്രാൻസ്‌ഫർ പൂർത്തീകരിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കാറ്റലൻ ക്ലബ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.