Football in Malayalam

ബാഴ്‌സലോണയുടെ സൈനിംഗുകൾ അവസാനിച്ചിട്ടില്ല, ക്ലബിന്റെ സാമ്പത്തികസ്ഥിതി വിചാരിച്ചതിനേക്കാൾ മോശമാണെന്ന് ലപോർട്ട

Sreejith N
FC Barcelona Sign Eric Garcia
FC Barcelona Sign Eric Garcia / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതി ആദ്യം കരുതിയതിനേക്കാൾ മോശമാണെന്ന് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. ജോസെപ് മരിയ ബാർട്ടമോവിനു പകരം മാർച്ചിൽ ക്ലബിന്റെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ലപോർട്ട അടുത്ത സീസണു മുന്നോടിയായി മൂന്നോ നാലോ സൈനിംഗുകൾ കൂടി നടത്തുമെന്നും ബാഴ്‌സലോണ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയിലും പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ബാഴ്‌സയുടെ നീക്കം ടീമിലുള്ള പല താരങ്ങളും പുറത്തു പോകുമെന്നതിന്റെയും കരാറുകളിൽ അഴിച്ചുപണി നടക്കുമെന്നതിന്റെയും വ്യക്തമായ സൂചനകളാണ് നൽകുന്നത്.

"ക്ലബിന്റെ സ്ഥിതി കുഴപ്പം പിടിച്ച അവസ്ഥയിലാണെന്ന ധാരണ എനിക്കുണ്ടായിരുന്നെങ്കിലും ഞാൻ കരുതിയതിനേക്കാൾ മോശം അവസ്ഥയിലാണ് നിലവിൽ അതുള്ളത്. പല കരാറുകളും ഞങ്ങൾക്ക് പരിമിതികൾ സൃഷ്ടിക്കുന്നു. പല കാര്യങ്ങൾക്കും ഞങ്ങൾക്ക് വിശദീകരണം ആവശ്യമുള്ളതിനൊപ്പം ഒരു നടപടിയും ഞാൻ തള്ളിക്കളയുന്നില്ല. എല്ലാ കാര്യങ്ങൾക്കും വിശദീകരണമുണ്ടാകും, അല്ലാത്ത പക്ഷം ഞങ്ങളും ഈ പ്രശ്‌നങ്ങൾക്ക് കാരണക്കാരായി മാറും." ലാ വാൻഗാർഡിയോട് ലപോർട്ട പറഞ്ഞു.

"കാലഹരണപ്പെട്ട വേതന വ്യവസ്ഥകളുമായുള്ള ഒരു സ്‌ക്വാഡിനെയാണ് ഞങ്ങൾ കണ്ടെത്തിയത്. അതിൽ മാറ്റം വരുത്തേണ്ടതുണ്ട്. നിലവിലുള്ള കരാറുകൾ മാറ്റിയെഴുതുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യും.അതിനു ശേഷം കടുത്ത നടപടികൾ എടുക്കേണ്ടതില്ലെങ്കിലും ബാഴ്‌സയുടെ നന്മക്കായി ഒന്നും തള്ളിക്കളയുന്നില്ല. ശമ്പളത്തിന്റെയും കടത്തിന്റെ തവണകളുമായുള്ള തുക 650 മില്യൺ യൂറോ വരും. ഇത് ക്ലബിന്റെ വരുമാനത്തേക്കാൾ കൂടുതലാണെന്നതിനു പുറമെ ഈ ശമ്പളം കാലഹരണപ്പെട്ടതാണ്." ലപോർട്ട വ്യക്തമാക്കി.

നിലവിൽ അഗ്യൂറോ, എറിക് ഗാർസിയ, എമേഴ്‌സൺ, ഡീപേയ് എന്നീ താരങ്ങളുടെ സൈനിങ്‌ പൂർത്തിയാക്കിയ ബാഴ്‌സലോണയിലേക്ക് മൂന്നോ നാലോ കളിക്കാർ കൂടിയെത്തുമെന്നും ലപോർട്ട പറഞ്ഞു. മെസി ക്ലബിൽ തുടരുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ടെന്നു വ്യക്തമാക്കിയ ലപോർട്ട ഓരോ ദിവസവും താരവുമായി സംസാരിക്കാറുണ്ടെന്നും ബാഴ്‌സയിൽ തന്നെ തുടരുന്ന കാര്യത്തിൽ മെസിക്ക് വളരെയധികം താൽപര്യമുണ്ടെന്നും കൂട്ടിച്ചേർത്തു.


facebooktwitterreddit