Football in Malayalam

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായാൽ ബാഴ്‌സലോണയെ കാത്തിരിക്കുന്നത് കനത്ത സാമ്പത്തിക നഷ്‌ടം

Sreejith N
FC Barcelona v RCD Espanyol - La Liga Santander
FC Barcelona v RCD Espanyol - La Liga Santander / David Ramos/GettyImages
facebooktwitterreddit

കോവിഡും ക്ലബിന്റെ മുൻ നേതൃത്വത്തിന്റെ കൃത്യതയില്ലാത്ത പ്രവർത്തനങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധി ബാഴ്‌സക്ക് വരുത്തുകയും അതുമൂലം ഈ സീസണിൽ ടീം പതറുന്നതും ആരാധകർ കണ്ടു കൊണ്ടിരിക്കയാണ്. അതിനൊപ്പം ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്ന ടീം മറ്റൊരു വലിയ പ്രതിസന്ധിയെക്കൂടിയാണ് മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്.

ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്‌സലോണ തോൽക്കുകയും അതെ ഗ്രൂപ്പിലെ തന്നെ മറ്റൊരു മത്സരത്തിൽ ഡൈനാമോ കീവിനെതിരെ ബെൻഫിക്ക വിജയം നേടുകയും ചെയ്‌താൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി യൂറോപ്പ ലീഗ് കളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതു സംഭവിച്ചാൽ വലിയൊരു സാമ്പത്തിക നഷ്‌ടം കൂടിയാണ് കാറ്റലൻ ക്ലബിനുണ്ടാവുക.

പ്രീ സീസൺ ബഡ്‌ജറ്റിൽ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെയെങ്കിലും എത്തുമെന്നാണ് ബാഴ്‌സലോണ വിലയിരുത്തിയത്. അതിനു കഴിയാത്ത പക്ഷം 20.2 മില്യൺ യൂറോയുടെ സാമ്പത്തിക നഷ്‌ടമാണ്‌ ബാഴ്‌സക്കു വരികയെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു. പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ എന്നിവയിൽ എത്തിയാൽ അതു വഴി ലഭിക്കുന്ന തുകയും ബാഴ്‌സലോണക്ക് നഷ്‌ടമാകും.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി സാമ്പത്തിക നഷ്‌ടം വന്നാൽ അത് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾക്ക് തിരിച്ചടിയാണ്. നിലവിൽ ലോണിൽ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വരുന്നതിനൊപ്പം ചാമ്പ്യൻ ലീഗിൽ കളിക്കാത്തതിനാൽ പ്രധാന താരങ്ങൾ വരാൻ മടിക്കുകയും ചെയ്യും.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതു വഴിയുണ്ടാവുന്ന നഷ്‌ടം കുറെയെങ്കിലും ബാഴ്‌സലോണക്ക് തിരിച്ചു പിടിക്കണം എങ്കിൽ അവർ യൂറോപ്പ ലീഗ് വിജയിക്കേണ്ടി വരും. എങ്കിൽ തന്നെയും സ്പോണ്സർഷിപ്പും അതു ലഭിക്കുന്നതിനു വേണ്ടി മികച്ച പ്രകടനവും ഉറപ്പാക്കിയാൽ മാത്രമേ ബാഴ്‌സലോണക്ക് വളരെപ്പെട്ടന്ന് നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയൂ.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit