സീനിയർ ടീമിലെ പതിനാലോളം താരങ്ങളെ ലഭ്യമല്ല, ബാഴ്‌സലോണയുടെ മുന്നിലുള്ളത് കടുത്ത പ്രതിസന്ധി


മയോർക്കക്കെതിരെ ഞായറാഴ്‌ച നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി താരങ്ങളുടെ ലഭ്യതയില്ലായ്‌മ ബാഴ്‌സലോണക്ക് തിരിച്ചടിയാകുന്നു. ഒസ്മാനെ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി എന്നീ താരങ്ങൾക്കു കൂടി കോവിഡ് പോസിറ്റിവ് ആയതോടെയാണ് ക്ലബിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായത്. ഇതോടെ പതിനാലോളം സീനിയർ താരങ്ങളെയാണ് ടീമിനു നഷ്‌ടമാവുക.
ഡെംബലെ, ഉംറ്റിറ്റി, ഗാവി എന്നിവർക്കു പുറമെ ജോർദി ആൽബ, അലെസാൻഡ്രോ ബാൾഡെ, ക്ലെമെന്റ് ലെങ്ലേറ്റ്, ഡാനി ആൽവസ് എന്നീ താരങ്ങളും കോവിഡ് പോസിറ്റിവാണ്. ഇതിനു പുറമെ പരിക്കിന്റെ പിടിയിലുള്ള താരങ്ങളും, പരിക്കു മാറി മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരങ്ങളുമാണ് സാവിക്ക് ടീമിനെ തിരഞ്ഞെടുക്കുന്നതിൽ പ്രതിസന്ധി നൽകുന്നത്.
The situation at Barcelona currently ahead of Mallorca game this weekend https://t.co/tuj0ipjzu3
— Samuel Marsden (@samuelmarsden) December 29, 2021
സെർജി റോബർട്ടോ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ തുടരുമ്പോൾ ഹാംസ്ട്രിങ്ങിനു പരിക്കേറ്റ മെംഫിസ് ഡീപേയും കളിക്കളത്തിനു പുറത്താണ്. സെർജിനോ ഡെസ്റ്റും പരിക്കിൽ നിന്നും മോചിതനാവാനുള്ള ശ്രമങ്ങളിൽ തുടരുമ്പോൾ മധ്യനിര താരം സെർജിയോ ബുസ്‌ക്വറ്റ്സിനു സസ്‌പെൻഷൻ മൂലവും മത്സരം നഷ്‌ടമാകും.
പെഡ്രി, അൻസു ഫാറ്റി എന്നിവരുടെ പരിക്ക് ഭേദമായെങ്കിലും രണ്ടു പേരും നവംബർ മുതൽ കളിച്ചിട്ടില്ലാത്തതിനാൽ ഇരുവരെയും നേരിട്ട് കളത്തിലിറക്കുന്നതിനു സാവി തയ്യാറാകാൻ സാധ്യത കുറവാണ്. മാർട്ടിൻ ബ്രൈത്ത്വൈറ്റിന്റെ കാര്യവും ഏറെക്കുറെ സമാനമാണ്. സെപ്‌തംബർ മുതൽ പരിക്കേറ്റു പുറത്തിരുന്ന താരം ജനുവരി പകുതിയോടെയേ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കൂ.
ഈ സീസണിൽ വളരെ മോശം പ്രകടനം നടത്തുന്ന ബാഴ്‌സലോണ തിരിച്ചു വരവിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് പുതിയ പ്രതിസന്ധി അവർക്കു മുന്നിൽ വരുന്നത്. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ് ബാഴ്‌സലോണയെന്നതിനാൽ ഓരോ മത്സരവും വിജയിക്കേണ്ടത് ടോപ് ഫോറിലെത്താൻ ടീമിന് അനിവാര്യവുമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.