ക്രിസ്റ്റിയന്സന്, കെസ്സി, അസ്പിലിക്യേറ്റ; അടുത്ത സീസണിലേക്കുള്ള ബാഴ്സലോണയുടെ പ്രധാന ലക്ഷ്യങ്ങള്‍

സാവിക്ക് കീഴില്‍ പഴയ ബാഴ്സലോണയെ പടുത്തുയര്‍ത്തുന്ന തിരക്കിലാണ് ജൊവാൻ ലെപോര്ട്ടയും സംഘവും. ഇതിനായി പരമാവധി താരങ്ങളെ ടീമിലെത്തിക്കാനാണ് കാറ്റാലന്‍ ക്ലബിന്റെ ഇപ്പോഴത്തെ നീക്കം. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അത്യാവശ്യം താരങ്ങളെ ടീമിലെത്തിച്ച ബാഴ്സലോണ അടുത്ത സീസണിലേക്ക് നിരവധി താരങ്ങളേയാണ് നോട്ടമിട്ടിരിക്കുന്നത്.
ചെല്‍സിയുടെ ഡാനിഷ് താരം ആന്‍ഡ്രിയാസ് ക്രിസ്റ്റന്സന്, എ.സി മിലാന്റെ ഐവറി കോസ്റ്റ് താരം ഫ്രാങ്ക് കിസ്സെ, ചെല്‍സിയുടെ സ്പാനിഷ് പ്രതിരോധ താരം സെസാർ അസ്പിലിക്യേറ്റ തുടങ്ങിയവരെയാണ് ബാഴ്സ ലക്ഷ്യമിട്ടിരിക്കുന്നത്.
ഇതിൽ ക്രിസ്റ്റന്സന്, കെസ്സെ എന്നിവരെയെങ്കിലും അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് ബാഴ്സലോണയെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് താരങ്ങളുടെയും നിലവിലെ കരാര്‍ ഈ സീസണോടെ അവസാനിക്കും. അതിനാല്‍ രണ്ട് താരങ്ങളേയും സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കാറ്റാലന്‍ ക്ലബ്.
അതേ സമയം, അസ്പിലിക്യേറ്റയുടെ നിലവിലെ കരാറും ഈ സീസണോടെ അവസാനിക്കുമെങ്കിലും, താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ചെൽസിക്കുണ്ട്. ചെൽസി അങ്ങനെ ചെയ്യുകയാണെങ്കിൽ, താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും. എന്നാൽ, ഒരു വെറ്ററൻ താരത്തിന് വേണ്ടി ട്രാൻസ്ഫർ ഫീ നൽകാൻ ബാഴ്സക്ക് അത്ര താല്പര്യമില്ല.
നേരത്തെ, ആഴ്സനല്‍ താരമായിരുന്ന പിയറി-എമറിക് ഒബമയാങ്, വോള്‍വ്സ് താരമായിരുന്ന അദമ ട്രയോറെ, മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന ഫെറാന്‍ ടോറസ് എന്നിവരെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്സോലണ ടീമിലെത്തിച്ചിരുന്നു. മൂന്ന് പേരുടെയും വരവോടെ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റമാണ് വന്നിട്ടുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.